‘സ്ത്രീകളും ഗ്ലാസ് സീലിംഗും’എന്ന വിഷയത്തില്‍ 54-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഇന്‍ കോണ്‍വര്‍സേഷന്‍ പരിപാടിയില്‍ നടി വിദ്യാ ബാലന്‍ സംസാരിച്ചു. ചര്‍ച്ചയില്‍ സിനിമാതാരം വാണി തൃപാഠിയും പങ്കെടുത്തു. ഇപ്പോള്‍ ഇന്ത്യന്‍ സിനിമകളില്‍ സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള കഥകള്‍ പറയുന്ന ഒരു ഘട്ടത്തിലേക്ക് എത്തിച്ചത് മുന്‍കാലങ്ങളില്‍ ഇന്ത്യന്‍ സിനിമയിലെ സ്ത്രീ അഭിനേതാക്കള്‍ അവതരിപ്പിച്ച അസാധാരണമായ കഥാപാത്രങ്ങളും അതുപോലെ കൂടുതല്‍ അഭിനയിക്കാനുള്ള അവരുടെ ആഗ്രഹവുമാണ് എന്ന് വിദ്യാ ബാലന്‍ അവകാശപ്പെട്ടു.
ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ വിദ്യ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ എപ്പോഴും ശ്രമിക്കാറുണ്ടെന്ന് പറഞ്ഞു. പുതിയ കഥകളും കഥാപാത്രങ്ങളും പ്രേക്ഷകരുമായി ഇമോഷണലി കണക്ട് ചെയ്യാന്‍ കഴിയുന്ന നിരന്തരം തിരഞ്ഞുകൊണ്ടിരിക്കുന്നത് വളരെ പ്രധാനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സങ്കല്‍പ്പിക്കാന്‍ കഴിയാത്ത വേഷങ്ങള്‍ ചെയ്യാനും ഇന്ത്യന്‍ സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളുടെ സ്റ്റീരിയോടൈപ്പിംഗ് തകര്‍ക്കാനുമുള്ള അതിയായ ആഗ്രഹമാണ് തനിക്ക് പ്രചോദനമായതെന്നും താരം അഭിനയിക്കുന്ന എല്ലാ സിനിമകളിലും വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ ചെയ്യാനുള്ള പ്രചോദനം എന്താണെന്ന ചോദ്യത്തിന് മറുപടി നല്‍കി.
”ഞാന്‍ ചെയ്യുന്ന ഓരോ സിനിമയിലും കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുകടക്കുന്നതില്‍ ശ്രദ്ധിക്കാറുണ്ട്, അതിന് വളരെയധികം കഠിനാധ്വാനം ആവശ്യമാണ്, അത് ഞാന്‍ ആസ്വദിക്കുന്നുമുണ്ട്,” വിദ്യാ ബാലന്‍ പറഞ്ഞു. നമ്മളെല്ലാവരും ഉപേക്ഷിക്കേണ്ടത് നമ്മുടെ സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയ സ്ത്രീകളെക്കുറിച്ചുള്ള സ്റ്റീരിയോടൈപ്പുകള്‍ ആണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

