സൗജന്യ വൈദ്യുതി, സൗജന്യ ഇലക്ട്രിക് സകൂട്ടർ; തെലങ്കാനയിൽ വലിയ വാഗ്ദാനങ്ങളുമായി കോൺഗ്രസ്

ഹൈദരാബാദ്: തെലങ്കാനയിൽ വലിയ വാഗ്ദാനങ്ങളുമായി കോൺഗ്രസ്. 38- ഇന വാഗ്ദാനങ്ങളുമായി കോൺഗ്രസ് ഇന്ന് തെലങ്കാനയിൽ പ്രകടന പത്രിക പുറത്തിറക്കും. പ്രകടനപത്രിക പുറത്തിറക്കുന്നത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ്. ഗാന്ധി ഭവനിൽ വച്ചാണ് പ്രകടന പത്രിക പുറത്തിറക്കുന്നത്. ബിആർഎസ് നടപ്പാക്കി വരുന്ന ക്ഷേമപദ്ധതികളുടെ ഒരു പടി മുകളിൽ കടന്നുള്ള വാഗ്ദാനങ്ങളാണ് കോൺഗ്രസ് മുന്നോട്ടുവെച്ചിരിക്കുന്നത്.

ഇന്ദിരമ്മ ഗിഫ്റ്റ് സ്‌കീം ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്. വിവാഹം കഴിക്കാൻ പോകുന്ന വധുക്കൾക്ക് ഒരു ലക്ഷം രൂപയും പത്ത് ഗ്രാം സ്വർണവും നൽകുന്ന പദ്ധതിയാണിത്. എല്ലാ വിദ്യാർഥികൾക്കും സൗജന്യ ഇൻറർനെറ്റ്, 18 വയസ്സിന് മുകളിലുള്ള കോളേജിൽ പോകുന്ന എല്ലാ വിദ്യാർഥിനികൾക്കും സൗജന്യ ഇലക്ട്രിക് സകൂട്ടർ, എല്ലാ കോളേജ് വിദ്യാർഥികൾക്കും 5 ലക്ഷം രൂപ സഹായം നൽകുന്ന വിദ്യാ ഭരോസ കാർഡ് തുടങ്ങിയ വാഗ്ദാനങ്ങളും കോൺഗ്രസ് നൽകുന്നു.

സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഡെലിവറി പാർട്ണർ ജോലികൾ ചെയ്യുന്നവർക്ക് സാമൂഹ്യസുരക്ഷാ സ്‌കീം അവതരിപ്പിക്കും, പാവപ്പെട്ടവർക്ക് 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നൽകും, എസ്‌സി-എസ്ടി വിഭാഗങ്ങൾക്ക് ഭൂമിയുണ്ടെങ്കിൽ വീട് വയ്ക്കാൻ 6 ലക്ഷം രൂപ വരെ നൽകും, അതില്ലാത്തവർക്ക് സർക്കാർ ഇന്ദിരമ്മ പദ്ധതിയിൽ വീടുകൾ വച്ച് നൽകും. ഒഴിഞ്ഞ് കിടക്കുന്ന 2 ലക്ഷം സർക്കാർ തസ്തികകളിലേക്ക് നിയമനം നടത്തും തുടങ്ങിയ വാഗ്ദാനങ്ങളും കോൺഗ്രസ് നടത്തുന്നുണ്ട്.