തിരുവനന്തപുരം: ക്ഷേമപെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിക്കാൻ മൺചട്ടിയുമായി തെരുവിലിറങ്ങിയ അടിമാലി സ്വദേശികളായ വയോധികർക്ക് സഹായ ഹസ്തവുമായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. മറിയക്കുട്ടിക്കും (87) അന്ന ഔസേപ്പിനും (80) ആണ് കൃഷ്ണകുമാർ സഹായം നൽകിയത്. ഇവർക്ക് ഒരു വർഷത്തേക്കുള്ള തുകയായി 25,000 രൂപ വീതമാണ് നൽകിയത്. മക്കളുടെ പേരിലുള്ള ചാരിറ്റി ഫൗണ്ടേഷന്റെ പേരിലാണ് സഹായം നൽകിയത്.
തനിക്ക് നൽകാൻ കഴിയുന്ന തരത്തിലുള്ള സഹായമാണ് നൽകിയതെന്ന് കൃഷ്ണകുമാർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. നാല് പെൺകുട്ടികളാണ് തനിക്കുള്ളത്. പ്രതിഷേധിച്ച വയോധികയ്ക്കും നാല് കുട്ടികളാണ്. 87-ാം വയസിൽ ഒരു വയോധിക ഭിക്ഷ യാചിക്കുന്നത് ചിന്തിക്കാൻ കഴിയില്ല. ചെറിയ തുടക്കമാണിത്. ഇനിയും അവർക്ക് സഹായം ലഭിക്കട്ടെയെന്ന് അദ്ദേഹം വ്യക്തമാക്കി. ക്ഷേമപെൻഷൻ മുടങ്ങിയതോടെയാണ് മറിയക്കുട്ടിയും അന്ന ഔസേപ്പും ഭിക്ഷ യാചിച്ച് പ്രതിഷേധം നടത്തിയത്. അടിമാലി ടൗണിൽ പിച്ചച്ചട്ടിയെടുത്ത് ഭിക്ഷ യാചിച്ചായിരുന്നു ഇവരുടെ പരാമർശം.
പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിച്ചതിന് പിന്നാലെ മറിയക്കുട്ടിക്ക് ഭൂമിയും വീടുമുണ്ടെന്ന വ്യാജ പ്രചാരണം ഉണ്ടായിരുന്നു. മറിയക്കുട്ടിക്ക് ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസർ സാക്ഷ്യപത്രം നൽകിയതോടെ വ്യാജ പ്രചാരണങ്ങളുടെ മുനയൊടിഞ്ഞു.

