ആലുവ മാർക്കറ്റിൽ മിഠായി വിതരണം ചെയ്ത് ചുമട്ടുതൊഴിലാളി താജുദ്ദീൻ

ആലുവ മാർക്കറ്റിൽ മിഠായി വിതരണം ചെയ്ത് ചുമട്ടുതൊഴിലാളി താജുദ്ദീൻ. അഞ്ചുവയസ്സുകാരിയെ അതിക്രൂരമായ കൊല ചെയ്ത സംഭവത്തിലെ പ്രധാന സാക്ഷിയാണ് താജുദ്ദീൻ. വധശിക്ഷയിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നായിരുന്നു വിധി പുറത്തു വരുന്നതിന് മുമ്പുളള താജുദ്ദീന്റെ പ്രതികരണം. ‘ഞങ്ങൾ നാട്ടുകാർ ആ​ഗ്രഹിച്ചത് പോലെ തന്നെ പ്രതിക്ക് വധശിക്ഷ കിട്ടി. വളരെ സന്തോഷമുണ്ട്. കേരള പൊലീസിനോടാണ് നന്ദി പറയാനുള്ളത്.

100 ദിവസം കൊണ്ട് അവൻ കുറ്റവാളിയാണെന്ന് തെളിയിച്ചു. അവന് ശിക്ഷ വാങ്ങിക്കൊടുത്തു. അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കും ഇത് പാഠമായിരിക്കണം.’ താജുദ്ദീന്റെ വാക്കുകളിങ്ങനെ. ആലുവയിലെ മാർക്കറ്റിനകത്തെ മാലിന്യക്കൂമ്പാരത്തിനുള്ളിലാണ് അഞ്ചുവയസ്സുകാരിയെ അസഫാക് ആലം കൊലപ്പെടുത്തി വലിച്ചെറിഞ്ഞത്.

കുട്ടിക്കൊപ്പം അസഫാക് ഇതുവഴി നടന്ന് പോയത് പലരും കണ്ടിരുന്നു. കുട്ടിയെ കുറിച്ച് ചോദിച്ചപ്പോൾ മകളാണെന്നായിരുന്നായിരുന്നു പ്രതി ഇവർക്ക് നൽകിയ മറുപടി.താജുദ്ദീനായിരുന്നു കുഞ്ഞിനെ ആലുവ മാർക്കറ്റിലേക്ക് കൊണ്ടുപോകുന്നത് കണ്ടതിൽ പ്രധാന സാക്ഷി. ആലുവ മാർക്കറ്റിലെ തൊഴിലാളികളെല്ലാവരും വിധിയിൽ സന്തോഷം പ്രകടിപ്പിച്ചു.പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും മധുരം വിതരണം ചെയ്തുമാണ് ഇവര്‍ സന്തോഷം പങ്കിട്ടത്. ആ കുഞ്ഞിനെ രക്ഷിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞില്ലല്ലോ എന്നൊരു കുറ്റബോധവും കൂടിയുണ്ട് ഈ സന്തോഷത്തിന് പിന്നില്‍.