ക്രിക്കറ്റ് ലോകകപ്പിൽ നിരാശ നൽകുന്ന പ്രകടമായിരുന്നു ശ്രീലങ്കൻ ടീമിന്റേത്. മോശം പ്രകടനത്തെ തുടർന്ന് ലങ്കൻ കായിക മന്ത്രി റോഷൻ രണസിംഹ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ പിരിച്ചുവിട്ടിരുന്നു. ഇതോടെ ബോർഡിൻറെ ആഭ്യന്തര കാര്യങ്ങളിൽ സർക്കാർ ഇടപെടലിനെ തുടർന്ന് ലങ്കൻ ബോര്ഡിനെ ഐസിസി സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.
എന്നാൽ ഇപ്പോഴിതാ ഇതിന്റെ പിന്നിൽ ബിസിസി ഐ സെക്രട്ടറി ജയ് ഷാ ആണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ലങ്കൻ ടീം ക്യാപ്റ്റൻ അർജുന രണതുംഗ. ജയ് ഷായാണ് ലങ്കൻ ക്രിക്കറ്റിനെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ബോർഡിനെ പിരിച്ചുവിട്ടതിനെ പിന്നാലെ ഇടക്കാല ഭരണസമിതി ചെയർമാനായി രണതുംഗയെ നിയമിച്ചിരുന്നു. “ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അധികൃതരും ജയ് ഷായും തമ്മിലുള്ള ഭാണ്ഡം കാരണം അവർക്ക് ലങ്കൻ ബോർഡിനെ ചവിട്ടിമെതിക്കാനും നിയന്ത്രിക്കാനും കഴിയുമെന്ന ധാരണയിലാണ്. ജയ് ഷായാണ് ശ്രീലങ്കൻ ക്രിക്കറ്റ് നടത്തുന്നത്. ജയ് ഷായുടെ സമ്മർദ്ദം കാരണം ബോർഡ് തകരുകയാണ്. ഇന്ത്യയിലെ ഒരു മനുഷ്യൻ ശ്രീലങ്കൻ ക്രിക്കറ്റിനെ നശിപ്പിക്കുകയാണ്. ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയായ പിതാവ് കാരണം മാത്രമാണ് അദ്ദേഹം ശക്തനായത്.” – രണതുംഗ പറഞ്ഞു.

