ഇലക്ട്രിക് എയർ ടാക്‌സിയുമായി ഇന്ത്യ

ഇൻഡിഗോ വിമാനക്കമ്പനിയുടെ നടത്തിപ്പുകാരായ ഇന്റർഗ്ലോബ് എന്റർപ്രൈസസ് ഇന്ത്യയിലേക്ക് ഇലക്ട്രിക് എയർ ടാക്‌സി സർവീസ് ആരംഭിക്കുന്നു.ഡൽഹിയിലെ കൊണാട്ട് പ്ലെയ്സിൽനിന്ന് ഹരിയാണയിലെ ഗുഡ്ഗാവിലേക്ക് സർവീസ് 2026 ഓടെ തുടങ്ങാനാണ് പദ്ധതി.ഇന്ത്യയിൽ സർവീസ് നടത്താൻ 200 ചെറുവിമാനങ്ങളാവും എത്തുക. സർവീസുകൾ എല്ലാം വ്യോമയാന മന്ത്രാലയത്തിന്റെ അനുമതികൾക്ക് ശേഷമാകും ആരംഭിക്കുക.

ഡൽഹിയിലെ കൊണാട്ട് പ്ലെയ്സിൽനിന്ന് ഹരിയാണയിലെ ഗുഡ്ഗാവിലേക്ക് വെറും ഏഴു മിനിറ്റ് കൊണ്ട് എത്താൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. യു.എസ്. കമ്പനിയായ ആർച്ചർ ഏവിയേഷനുമായി ചേർന്നാണ് സർവീസ് നടത്തുക. പൈലറ്റടക്കം അഞ്ച് യാത്രക്കാർക്ക് 160 കിലോമീറ്ററോളം ദൂരം യാത്ര ചെയ്യാനാകുന്ന രീതിയിലാണ് ‘മിഡ്നൈറ്റ്’ ഇ-വിമാനങ്ങൾ സജ്ജമാക്കുന്നത്.

മെഡിക്കൽ, എമർജൻസി, ചാർട്ടർ എന്ന സേവനങ്ങൾക്കും ഉപയോഗിക്കാനാകും. പ്രാഥമിക ഘട്ടത്തിൽ ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലായി 200 വിമാനങ്ങൾ സർവീസ് നടത്താനിരിക്കുന്നത്. ചെലവ് കുറഞ്ഞ രീതിയിൽ പദ്ധതി രാജ്യത്ത് അവതരിപ്പിക്കുമെന്ന് ഇരു കമ്പനികളും അറിയിച്ചിട്ടുണ്ട്. ഒക്ടോബറിൽ യു.എ.ഇയിൽ എയർ ടാക്സി സർവീസ് ആരംഭിക്കുമെന്ന് ആർച്ചർ ഏവിയേഷൻസ് അറിയിച്ചിരുന്നു.