മുംബൈ: ഐ എസ് മാതൃകയിൽ പുണെ കേന്ദ്രീകരിച്ച് ഭീകരപ്രവർത്തനത്തിനു പദ്ധതി തയാറാക്കിയ സംഘം കേരളവും സന്ദർശിച്ചതായി എൻഐഎ. കുറ്റപത്രത്തിലാണ് എൻഐഎ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആക്രമണം നടത്താനുള്ള സ്ഥലങ്ങൾ കണ്ടെത്താൻ ബൈക്കുകളിൽ മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലെത്തിയ സംഘം ഡ്രോൺ ക്യാമറകൾ ഉപയോഗിച്ചുവെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ജൂലൈയിൽ ബൈക്ക് മോഷണ ശ്രമത്തിനിടെ പിടിയിലായ സംഘത്തെ ചോദ്യം ചെയ്തതോടെയാണ് ഭീകരാക്രമണ പദ്ധതിയെ കുറിച്ചുള്ള വിവരം പുറത്തു വന്നത്. മൊബൈൽ, ലാപ്ടോപ് എന്നിവയിൽ നിന്നാണ് അറസ്റ്റിലായ സംഘത്തിന്റെ ഗൂഢാലോചനയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. വിദേശത്തുള്ളവർക്ക് ഇവർ വിവരങ്ങൾ കൈമാറിയതായും എൻഐഎ പറയുന്നു.
സ്ഫോടനത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ ഇവരുടെ താമസ സ്ഥലത്തുനിന്ന് പിന്നീട് കണ്ടെത്തി. തുടരന്വേഷണത്തിൽ 6 പേർ കൂടി അറസ്റ്റിലായിരുന്നു. ഇനി 5 പേരാണ് അറസ്റ്റിലാകാനുള്ളത്.

