ഗാസ: വടക്കൻ ഗാസയിൽ ദിവസവും നാലുമണിക്കൂർ നേരത്തെ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചുവെന്ന് അറിയിച്ച് അമേരിക്ക. യുഎസ് ദേശീയ സുരക്ഷാ സമിതി വക്താവ് ജോൺ കിർബിയാണ് ഇക്കാര്യം അറിയിച്ചത്. വടക്കൻ ഗാസയിൽ നിന്ന് പലസ്തീനികൾക്ക് പലായനം ചെയ്യാൻ അനുവദിക്കുന്നതിനായാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. വടക്കൻ ഗാസയിൽ നിന്ന് ആളുകൾക്ക് പലായനം ചെയ്യാൻ രണ്ട് മാനുഷിക ഇടനാഴികൾ ഉണ്ടാക്കുമെന്നും ഈ പ്രദേശങ്ങളിൽ സൈനിക നടപടികൾ ഉണ്ടാകില്ലെന്നും അമേരിക്കൻ ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി അറിയിച്ചു.
ശരിയായ ദിശയിലേക്കുള്ള ചുവടുവെപ്പാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എപ്പോൾ മുതലാണ് വെടിനിർത്തലെന്ന കാര്യം മൂന്നുമണിക്കൂർ മുൻകൂറായി അറിയിക്കുമെന്ന് ജോൺ കിർബി ചൂണ്ടിക്കാട്ടി. വെടിനിർത്തൽ സമയത്ത് ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് സൈനിക നടപടികൾ ഒന്നുമുണ്ടാവില്ല. ഈ വെടിനിർത്തൽ 239 ബന്ദികളെ അവരുടെ കുടുംബങ്ങളിലേക്ക് മടക്കി എത്തിക്കാൻ സഹായിച്ചേക്കുമെന്നാണ് പ്രതീക്ഷയെന്ന് കിർബി വ്യക്തമാക്കി.
അതേസമയം, വെസ്റ്റ് ബാങ്കിലെ അഭയാർത്ഥി ക്യാമ്പിന് നേരെ ഇസ്രയേൽ സേനയുടെ ആക്രമണം ഉണ്ടായതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. വടക്കൻ വെസ്റ്റ് ബാങ്കിലുള്ള ജെനിൻ അഭയാർത്ഥി ക്യാമ്പിലാണ് ആക്രമണം ഉണ്ടായത്. 15 പാലസ്തീനികളാണ് കൊല്ലപ്പെട്ടത്. 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

