തിരുവനന്തപുരം: സംസ്ഥാനത്ത് ചെലവുകൾക്ക് ഏർപ്പെടുത്തിയ കർശന നിയന്ത്രണം ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നടപടി. ഇത് സംബന്ധിച്ച ഉത്തരവ് ധനവകുപ്പ് പുറത്തിറക്കി. സർക്കാർ കെട്ടിടങ്ങളുടെ മോടി പിടിപ്പിക്കൽ, സർക്കാർ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഫർണിച്ചർ വാങ്ങൽ, പുതിയ വാഹനങ്ങൾ വാങ്ങൽ എന്നിവക്കുള്ള നിയന്ത്രണം ഒരു വർഷം കൂടി ദീർഘിപ്പിച്ചുവെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്രകുമാർ അഗർവാളാണ് ഇക്കാര്യം വ്യക്തമാക്കി ഉത്തരവ് ഇറക്കിയത്. സർവ്വകലാശാല, പി.എസ്.സി എന്നിവയ്ക്കും നിയന്ത്രണങ്ങൾ ബാധകമായിരിക്കുമെന്ന് ഉത്തരവിൽ പറയുന്നുണ്ട്.

