ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. കേസുമായി ബന്ധപ്പെട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് തീരുമാനിച്ചത്.
നേരത്തെ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം സോണിയ ഗാന്ധിയെ മൂന്ന് ദിവസവും, രാഹുൽ ഗാന്ധിയെ അഞ്ച് ദിവസവും ചോദ്യം ചെയ്തിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ ട്രഷറർ പവൻ കുമാർ ബൻസൽ തുടങ്ങിയവരെയും ഇഡി ചോദ്യം ചെയ്തിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ രണ്ട് ദിവസമായി പവൻ ബൻസാലിനെ ഇഡി ചോദ്യം ചെയ്യുകയാണ്. ഡൽഹിയിലെ നാഷണൽ ഹെറാൾഡ് ഓഫീസിൽ ഉൾപ്പടെ നടത്തിയ റെയ്ഡുകളിൽ ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് ബൻസാലിനെ ചോദ്യം ചെയ്യുന്നത്. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമാണ് യങ് ഇന്ത്യ കമ്പനിയിലെ 76 ശതമാനം ഓഹരികളുടെ ഉടമകൾ അതിനാലാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാൻ ഇ.ഡി. ആലോചിക്കുന്നത്. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡിന്റെ (എ.ജെ.എൽ.) ബാധ്യതകളും ഓഹരികളും യങ് ഇന്ത്യ ലിമിറ്റഡ് കമ്പനി ഏറ്റെടുത്തതിൽ കള്ളപ്പണ ഇടപാട് നടന്നിട്ടിട്ടുണ്ടോ എന്ന കാര്യത്തിലും ഇഡി അന്വേഷണം നടത്തുന്നുണ്ട്.

