കരുവന്നൂർ കള്ളപ്പണ കേസ്; ഇഡി പിടിച്ചെടുത്ത രേഖകൾ വേണമെന്ന് ക്രൈംബ്രാഞ്ച്

എറണാകുളം: കരുവന്നൂർ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്ത മുഴുവൻ രേഖകളും വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച് ക്രൈംബ്രാഞ്ച്. കേസിലെ ഇഡി അന്വേഷണത്തെ പ്രതിരോധിക്കാൻ പുതിയ നീക്കമാണ് ആഭ്യന്തര വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. കരുവന്നൂർ കള്ളപ്പണ കേസിൽ സിപിഎം ജില്ലാ സെക്രട്ടറി അടക്കമുള്ളവർക്കെതിരെ ഇഡി രണ്ടാം ഘട്ട അന്വേഷണത്തിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നടപടി.

തൃശ്ശൂർ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് അന്വേഷണത്തിനായി കരുവന്നൂരിലെ എല്ലാ രേഖയും വേണമെന്നും ഇഡി റെയ്ഡ് ചെയ്ത് പിടികൂടി ഫയലുകൾ കസ്റ്റഡിയിലെടുത്ത് മഹസറിന്റെ ഭാഗമാക്കാൻ അനുവദിക്കണമെന്നുമാണ് ആവശ്യം. ആദ്യം എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറെ സമീപിച്ചെങ്കിലും ആവശ്യം തള്ളുകയായിരുന്നു. തുടർന്നാണ് ക്രൈംബ്രാഞ്ച് വിചാരണ കോടതിയെ സമീപിച്ചത്.

അതേസമയം, നിക്ഷേപകർ ബാങ്കിന് മുന്നിൽ യാചിക്കുമ്പോൾ തമ്മിലടിക്കുകയല്ല വേണ്ടതെന്നും ക്രൈംബ്രാഞ്ച് ആവശ്യം അപക്വമാണെന്നും ഇഡി മറുപടി നൽകി.