അദാനിക്ക് സഹായം നൽകാൻ അമേരിക്ക; 553 മില്യൺ ഡോളർ നൽകും

ന്യൂഡൽഹി: അദാനിക്ക് സഹായം നൽകാൻ ഒരുങ്ങി അമേരിക്ക. ശ്രീലങ്കയിൽ കൊളംബോ തുറമുഖത്ത് അദാനി പോർട്ട്സ് നിർമ്മിക്കുന്ന കണ്ടെയ്നർ ടെർമിനലിന് സഹായം നൽകാനാണ് അമേരിക്കയുടെ തീരുമാനം. 553 മില്യൺ ഡോളറാണ് അമേരിക്ക നൽകുന്ന സഹായം.

ശ്രീലങ്കയിൽ വർദ്ധിച്ചുവരുന്ന ചൈനീസ് സ്വാധീനം തടയുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. വാഷിംഗ്ടൺ ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ വഴിയാണ് അദാനിക്ക് സഹായം നൽകുന്നത്.

ശ്രീലങ്കയ്ക്ക് വൻതോതിൽ വായ്പ നൽകി സമ്മർദ്ദം ചെലുത്തുന്ന തന്ത്രമാണ് ചൈനയ്ക്ക് ഉള്ളത്. ചൈനയുടെ ഈ തന്ത്രത്തിന് മറുപടി നൽകുന്നതിന് വേണ്ടിയും ഇൻഡോ പസഫിക് മേഖലയിൽ സഹകരണം ശക്തമാക്കുന്നതിനും വേണ്ടിയാണ് യുഎസ് പുതിയ നീക്കം നടത്തുന്നത്.

അദാനി പോർട്ട്സിന്റെ പദ്ധതി പൂർത്തിയാകുന്നതോടെ കൊളംബോയുടെ മുഖച്ഛായ തന്നെ മാറും എന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം 220 കോടി ഡോളറാണ് കഴിഞ്ഞവർഷം അവസാനം വരെ ശ്രീലങ്കയിൽ ചൈന നിക്ഷേപിച്ചത്.