ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും നിയമ പോരാട്ടവുമായി സംസ്ഥാന സർക്കാർ. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്ന ഗവർണറുടെ നടപടി ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ സംസ്ഥാനം പ്രത്യേക അനുമതി ഹർജി ഫയൽ ചെയ്തു.
ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്ന ഗവർണർ കേരളത്തിലെ ജനങ്ങളോടും, നിയമസഭ അംഗങ്ങളോടും കടുത്ത അനീതിയാണ് കാണിക്കുന്നതെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത പ്രത്യേക അനുമതി ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന ചീഫ് സെക്രട്ടറിയും, സംസ്ഥാന നിയമ സെക്രട്ടറിയുമാണ് സുപ്രീംകോടതിയിൽ പ്രത്യേക അനുമതി ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
കഴിഞ്ഞയാഴ്ച്ച ഗവർണർക്കെതിരെ സംസ്ഥാന ചീഫ് സെക്രട്ടറിയും, ടി.പി. രാമകൃഷ്ണൻ എം.എൽ.എയും സുപ്രീംകോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിരുന്നു. നിയമസഭ പാസ്സാക്കിയ എട്ടുബില്ലുകളിൽ തീരുമാനം വൈകിക്കുന്നതിനെതിരെയാണ് റിട്ട് ഹർജി സമർപ്പിച്ചിരുന്നത്. ഈ റിട്ട് ഹർജി വെള്ളിയാഴ്ച്ച സുപ്രീംകോടതി പരിഗണിക്കാൻ ഇരിക്കെയാണ് സംസ്ഥാനം ഗവർണറുടെ നടപടിക്കെതിരെ പ്രത്യേക അനുമതി ഹർജിയുമായി വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്.

