ന്യൂഡൽഹി: നവംബർ 19-ന് എയർ ഇന്ത്യ വിമാനങ്ങൾ പറക്കാൻ അനുവദിക്കില്ലെന്ന് ഭീഷണി. ഖലിസ്താൻ വിഘടനവാദിയും നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് തലവനുമായ ഗുർപത്വന്ദ് സിങ് പന്നൂനാണ് ഭീഷണി സന്ദേശം നൽകിയത്. ജീവന് ആപത്തുണ്ടായേക്കുമെന്നതിനാൽ സിഖുകാർ നവംബർ 19 മുതൽ എയർ ഇന്ത്യയിൽ യാത്ര ചെയ്യരുതെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു.
നവംബർ 19-ന് ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം അടഞ്ഞുകിടക്കുമെന്നും ഭീഷണിയുണ്ട്. വിമാനത്താവളത്തിന് ഖലിസ്ഥാൻ വിഘടനവാദി നേതാക്കളായ ബിയന്ത് സിങ്ങിന്റെയും സത്വന്ദ് സിങ്ങിന്റെയും പേരിടുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്.
സിഖ് വിഭാഗം നേരിടുന്ന അടിച്ചമർത്തലുകൾക്ക് അന്നേ ദിവസം മറുപടി നൽകുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്. ഹമാസ് നടത്തിയതുപോലെ ഇന്ത്യയിൽ ആക്രമണം നടത്തുമെന്നും അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം ആക്രമിക്കുമെന്നുമുള്ള ഭീഷണി സന്ദേശം നേരത്തെ ലഭിച്ചിരുന്നു.

