ന്യൂഡൽഹി: സമാജ് വാദി പാർട്ടിയ്ക്ക് തിരിച്ചടി. ഉത്തർ പ്രദേശിലാണ് പാർട്ടിയ്ക്ക് അപ്രതീക്ഷിത തിരിച്ചടി ഉണ്ടായത്. പാർട്ടി സ്ഥാപക നേതാവും ലഖിംപുർഖേരിയിൽനിന്ന് മൂന്നുവട്ടം ലോക്സഭാംഗവുമായ രവി പ്രകാശ് വർമയും മകൾ പൂർവി വർമ്മയും പാർട്ടിവിട്ടു. തിങ്കളാഴ്ച്ച ഇവർ കോൺഗ്രസ് അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്.
കുർമി സമുദായാംഗമാണ് രവി പ്രകാശ്. സംസ്ഥാനത്തെ ഒബിസി നേതാക്കന്മാരിൽ പ്രമുഖനാണ് ഇദ്ദേഹം. മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസും എസ്.പിയും തമ്മിൽ തർക്കം നടക്കുന്നതിനിടെയാണ് രവി പ്രകാശും മകളും പാർട്ടി വിടുന്നത്.
സമാജ് വാദി പാർട്ടി ജനങ്ങളിൽ നിന്ന് അകന്നതിനേത്തുടർന്നാണ് പാർട്ടി വിടാനുള്ള തീരുമാനം കൈക്കൊള്ളാൻ നിർബന്ധിതരായത് എന്നാണ് രവി പ്രകാശും പൂർവിയും വ്യക്തമാക്കുന്നത്. എം.ബി.ബി.എസ്. ബിരുദധാരിയായ പൂർവി 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഖിംപുർഖേരിയിൽ നിന്ന് മത്സരിച്ചിരുന്നെങ്കിലും ബിജെപിയുടെ അജയ് മിശ്രയോട് പരാജയപ്പെട്ടു.

