കൽപ്പറ്റ: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന് നോട്ടീസ് നൽകി ക്രൈംബ്രാഞ്ച്. സി കെ ജാനുവുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കോഴക്കേസിലാണ് നടപടി. ചോദ്യം ചെയ്യുന്നതിനായി ഈ മാസം 14നാണ് സുരേന്ദ്രനോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കൽപ്പറ്റയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനാണ് നിർദ്ദേശം.
സുൽത്താൻ ബത്തേരി മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാൻ സി കെ ജാനുവിന് പണം നൽകി എന്ന ആരോപണത്തിന് പിന്നാലെയാണ് സുരേന്ദ്രനെതിരെ കേസ്. എൻഡിഎയുമായി സഹകരിക്കാൻ സി കെ ജാനുവിന് സുരേന്ദ്രൻ നേരിട്ട് ടവ്വലിൽ പൊതിഞ്ഞ് പണം നൽകിയെന്നും താൻ അതിന് സാക്ഷിയാണെന്നും എൻ ഡി എ ഘടകകക്ഷിയായ ജെ ആർ പി സംസ്ഥാന ട്രഷററായ പ്രസീത അഴീക്കോട് ആരോപിച്ചിരുന്നു.
പത്ത് ലക്ഷം രൂപയാണ് ഇത്തരത്തിൽ നൽകിയത്. സുരേന്ദ്രൻ ജാനുവിനെ കാണാൻ ഹോട്ടൽ മുറിയിലെത്തിയെന്നും ആ സമയം തങ്ങൾ പാർട്ടി പ്രവർത്തകർ പുറത്തിറങ്ങിയെന്നും സുരേന്ദ്രൻ പോയ ശേഷം ജാനു ഉപയോഗിക്കുന്ന ടവ്വലിൽ പണം കണ്ടു എന്നുമാണ് പ്രസീത വ്യക്തമാക്കിയത്.
അതേസമയം എൻഡിഎയുടെ ഘടക കക്ഷിയുടെ നേതാവായ ജാനുവിന് ബിജെപി മുറി ബുക്ക് ചെയ്ത് നൽകിയതിൽ എന്താണ് തെറ്റെന്നാണ് സുരേന്ദ്രൻ പ്രസീതയുടെ ആരോപണത്തോട് പ്രതികരിച്ചത്.

