തിരുവനന്തപുരം: ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാൻ സർക്കാർ. ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാറും ദേവസ്വം ബോർഡുകളും അപ്പീൽ നൽകും. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.
ക്ഷേത്രങ്ങളിൽ വെടിക്കെട്ട് പൂർണമായി ഒഴിവാക്കുന്നത് വിഷമമാണ്. അസമയമെന്നേ പറഞ്ഞിട്ടുള്ളൂ, സമയം പറഞ്ഞിട്ടില്ലെന്നും മന്ത്രി അറിയിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ പോകുമെന്ന് ദേവസ്വം ബോർഡ് പ്രതിനിധികൾ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
അസമയത്ത് ആരാധനാലയങ്ങളിൽ വെടിക്കെട്ടിന് നിരോധനം ഏർപ്പെടുത്തിയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി ഇക്കാര്യം അറിയിച്ചത്.
ശബ്ദ, പരിസ്ഥിതി മലിനീകരണങ്ങൾക്ക് വെടിക്കെട്ട് കാരണമാകുന്നുണ്ട്. ആരാധനാലയങ്ങളിൽ നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്ന വെടിമരുന്ന് പരിശോധന നടത്തി പിടിച്ചെടുക്കണമെന്നാണ് ഹൈക്കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.

