എപ്പോഴും വിജയം തഴുകട്ടെ; കേരളപ്പിറവി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: കേരളപ്പിറവി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിലായിരുന്നു അദ്ദേഹം കേരളപ്പിറവി ആശംസകൾ നേർന്നത്. ഉത്സാഹത്തിനും സാംസ്‌കാരിക പൈതൃകത്തിന്റെ സമ്പന്നമായ അലങ്കാരത്തിനും പേരുകേട്ട കേരളത്തിലെ ജനങ്ങൾ ഉത്പതിഷ്ണുത്വത്തെയും നിശ്ചയദാർഢ്യത്തെയും പ്രതിനിധാനം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അവരെ എപ്പോഴും വിജയം തഴുകട്ടെ. അവർ നേട്ടങ്ങളാൽ പ്രചോദിതരാകുന്നതു തുടരട്ടെയെന്നും അദ്ദേഹം അറിയിച്ചു. സാമൂഹ്യ മാദ്ധ്യമമായ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കേരളപ്പിറവി ആശംസകൾ നേർന്നു. നമ്മുടെ പ്രിയ സംസ്ഥാനത്ത് വികസനവും സമഗ്ര പുരോഗതിയും ഉറപ്പാക്കാനും സാമൂഹിക ഐക്യം ദൃഢപ്പെടുത്താനും വേണ്ടി നമുക്കൊരുമിച്ച് പ്രയത്നിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം, മാതൃ ഭാഷയായ മലയാളത്തിന്റെ പരിപോഷണത്തെ ത്വരിതപ്പെടുത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.