കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തു. കളമശ്ശേരി കൺവെൻഷൻ സെന്റർ സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ വിദ്വേഷ പ്രചാരണം നടത്തിയതിനാണ് മന്ത്രിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച പോസ്റ്റിനെ വിദ്വേഷമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സൈബർ സെൽ എസ്ഐയാണ് മന്ത്രിക്കെതിരെ പരാതി നൽകിയത്. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. സമൂഹമാധ്യമത്തിലൂടെ വിദ്വേഷ പ്രചാരണം നടത്തിയെന്ന വകുപ്പാണ് രാജീവ് ചന്ദ്രശേഖറിനെതിരെ ചുമത്തിയിരിക്കുന്നത്.

കളമശ്ശേരി സ്‌ഫോടനത്തിന് കാരണം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന പ്രീണനനയമാണെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ വിമർശനം. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെ അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു. സ്ഫോടനത്തിൽ ഹമാസിന്റെ പങ്കും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ രാജീവ് ചന്ദ്രശേഖറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. വിഷാംശമുള്ളവർ അത് ഇങ്ങനെ ചീറ്റി കൊണ്ടിരിക്കുമെന്നായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്. ചില പ്രത്യേക വിഭാഗങ്ങൾക്ക് വേണ്ടി വർഗീയ നിലപാടു സ്വീകരിക്കുന്നതിനെ അംഗീകരിക്കാനാകില്ല. കേരളം അതിനൊപ്പം നിൽക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.