സൂചനാ പണിമുടക്ക് അനവസരത്തിൽ; ബസ് ഉടമകൾ സമ്മർദ തന്ത്രം പ്രയോഗിക്കുകയാണെന്ന് മന്ത്രി

തിരുവനന്തപുരം: സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്കിൽ പ്രതികരണവുമായി ഗതാഗതമന്ത്രി ആന്റണി രാജു. സൂചനാ പണിമുടക്ക് അനവസരത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർഥികളുടെ കൺസെഷൻ നിരക്കു വർധിപ്പിക്കുക എന്നതാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. വിഷയം പഠിക്കാൻ സർക്കാർ കമ്മിഷനെ നിയമിച്ചിട്ടുണ്ടെന്നും അതിന്റെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

എൽഡിഎഫ് സർക്കാർ വന്നതിനുശേഷം ടിക്കറ്റ് ചാർജിൽ വലിയ വർധനവു നൽകി. ഈ സർക്കാരാണ് ചരിത്രത്തിലെ ഏറ്റവും വലിയ ടിക്കറ്റ് ചാർജ് വർധനവു നൽകിയത്. കോവിഡിന്റെ കാലഘട്ടത്തിലും വർദ്ധനവുണ്ടായി. രണ്ടുപ്രാവശ്യമാണ് നാലുവർഷത്തിനിടെ സ്വകാര്യ ബസുകൾക്കു ടിക്കറ്റ് ചാർജ് വർധിപ്പിച്ചുകൊടുത്തതെന്ന് ഗതാഗത മന്ത്രി ചൂണ്ടിക്കാട്ടി.

വിദ്യാർഥികളുടെ ടിക്കറ്റ് ചാർജ് വർധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോൾ തന്നെയുണ്ടായ പ്രതിഷേധം കണ്ടതാണ്. ആ സാഹചര്യം മനസിലാക്കാതെ പണിമുടക്കു നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ല. ശബരിമല സീസണിൽ ബസ് ഉടമകൾ സമ്മർദ തന്ത്രം പ്രയോഗിക്കുകയാണ്. സീറ്റ് ബെൽറ്റ്, ബസിലെ ക്യാമറ തീരുമാനത്തിൽ നിന്നു പിന്നോട്ടില്ല. ബസ് പണിമുടക്ക് ഭാഗികമാണ്. തിരുവനന്തപുരം സിറ്റിയിൽ എല്ലാ സ്വകാര്യ ബസുകളും കൊല്ലം, എറണാകുളം, ഇടുക്കി, കാസർകോട്, വയനാട് ജില്ലകളിൽ ഭാഗികമായി സ്വകാര്യ ബസുകളും ഓടുന്നുണ്ട്. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കെഎസ്ആർടിസി പരമാവധി ശ്രമിക്കുന്നുണ്ട്. എല്ലാ ഡിപ്പോകളിലും കൂടുതൽ ബസ് സർവീസിന് നിർദേശം നൽകിയിട്ടുണ്ട്. ബദൽ ജീവനക്കാരെ കൂടതലായി എടുത്തു സർവീസുകൾ നടത്താനാണു നിർദേശം നൽകിയതെന്നും ആന്റണി രാജു കൂട്ടിച്ചേർത്തു.