തിരുവനന്തപുരം: കളമശ്ശേരി സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇന്റലിജൻസ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചരണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് പഴുതടച്ച അന്വഷണം നടത്തും. പരിക്കേറ്റവരുടെ ചികിത്സയ്ക്കാവശ്യ നടപടി സ്വീകരിക്കും. കേരളത്തിന്റെ മതസൗഹാർദ്ദവും സമാധാന അന്തരീക്ഷവും തകർക്കുന്ന തരത്തിൽ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കും. ഇത്തരം പ്രചാരണങ്ങളിൽ നിന്ന് വിട്ടു നിൽക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ജനങ്ങളിൽ ഭീതി ജനകമായ സാഹചര്യം സൃഷ്ടിക്കുമെന്ന വസ്തുത മുന്നിൽ കണ്ട് ജാഗ്രത പുലർത്താൻ മാധ്യമങ്ങൾക്ക് കഴിഞ്ഞവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിന്റെ മതേതര സ്വഭാവം കാത്തു സംരക്ഷിക്കാൻ എല്ലാവരും ഒത്തൊരുമിച്ച് നിന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.
അതേസമയം, ഇന്നലെ സ്ഫോടനം നടന്ന കളമശ്ശേരി സമ്ര കൺവെൻഷൻ സെന്റർ മുഖ്യമന്ത്രി സന്ദർശിച്ചു സ്ഥിതിഗതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി വിലയിരുത്തി. മരിച്ച കുമാരിയുടെയും ലിയോണ പൗലോസിന്റെയും ബന്ധുക്കളെ നേരിൽ കണ്ടു സംസാരിക്കുകയും അവരുടെ ദു:ഖത്തിൽ പങ്കു ചേരുകയും ചെയ്തു. തുടർന്നു മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കുകയും അവർക്കാവശ്യമായ സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിനു വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.

