കർഷകരുമായി പാടത്തേക്ക് ഇറങ്ങി വിളവെടുപ്പ് നടത്തി രാഹുൽ ഗാന്ധി

റായ്പുർ: ഛത്തീസ്ഗഢിൽ കർഷകരുമായി സംവദിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർഷകരുമായി അദ്ദേഹം പാടത്തേക്ക് ഇറങ്ങുകയും വിളവെടുപ്പിൽ സഹായിക്കുകയും ചെയ്തു. ഛത്തീസ്ഗഢിലെ കോൺഗ്രസ് സർക്കാർ സ്വീകരിച്ച കർഷക അനുകൂല മാതൃക രാജ്യത്താകമാനം നടപ്പിലാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിൽ ജാതി സെൻസസ് നിർണായക പങ്കുവഹിക്കുമെന്നും ജാതി സെൻസസുമായി കോൺഗ്രസ് മുന്നോട്ട് പോകുമെന്ന് അദ്ദേഹം അറിയിച്ചു. കർഷകവായ്പകൾ എഴുതിത്തള്ളിയതുൾപ്പടെ കർഷകർക്ക് നൽകിയ വാഗ്ദാനങ്ങളെല്ലാം ഛത്തീസ്ഗഢ് സർക്കാർ നിറവേറ്റിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കർഷക ക്ഷേമത്തിനായി ഛത്തീസ്ഗഢ് സർക്കാർ നടത്തിയ അഞ്ച് പ്രധാന പദ്ധതികൾ നേരത്തെ രാഹുൽ പുറത്തു വിട്ടിരുന്നു. നെല്ലിന് കുറഞ്ഞ താങ്ങുവില ക്വിന്റലിന് 2,640 രൂപയാക്കി. 26 ലക്ഷം കർഷകർക്ക് 23000 കോടി സബ്സിഡി നൽകി. 19 ലക്ഷം കർഷകരുടെ പതിനായിരം കോടി രൂപയുടെ വായ്പ എഴുതിത്തള്ളി. വൈദ്യുതി ചാർജ് പകുതിയാക്കി കുറച്ചു. അഞ്ചു ലക്ഷം കർഷകത്തൊഴിലാളികൾക്ക് പ്രതിവർഷം ഏഴായിരം രൂപ വീതം നൽകി. ഈ മാതൃക രാജ്യത്താകമാനം വ്യാപിപ്പിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.