കോഴിക്കോട്: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. മാധ്യമപ്രവർത്തകയോടുള്ള മോശം പെരുമാറ്റം വിവാദമായതിനു പിന്നാലെയാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തത്. കോഴിക്കോട് നടക്കാവ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഐപിസി 354 എ (ലൈംഗികാതിക്രമം) വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഈ വകുപ്പ് ചുമത്തി എടുക്കുന്ന കേസുകൾക്ക് സ്റ്റേഷൻ ജാമ്യം ലഭിക്കില്ല. രണ്ടു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടു കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.
സംഭവത്തിൽ ഇന്ന് ഉച്ചയോടെ മാധ്യമപ്രവർത്തക കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണം നടത്താനായി സിറ്റി പോലീസ് കമ്മീഷണർ നടക്കാവ് പോലീസിന് കൈമാറുകയായിരുന്നു.
അതേസമയം, സുരേഷ് ഗോപിക്കെതിരെ മാധ്യമപ്രവർത്തകയുടെ പരാതി ലഭിച്ചതായി വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവിയും അറിയിച്ചിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് പത്ര പ്രവർത്തക യൂണിയനും വനിതാ കമ്മീഷന് പരാതി നൽകി. പോലീസിനോട് വസ്തുനിഷ്ടപരമായി വിഷയം അന്വേഷിക്കാൻ നിർദ്ദേശം നൽകുമെന്ന് സതീദേവി അറിയിച്ചു.
വനിത കമ്മീഷൻ ഈ വിഷയത്തെ ഗൗരവകരമായി കാണുന്നു. സുരേഷ് ഗോപി മാപ്പ് പറഞ്ഞാൽ തീരുന്ന പ്രശ്നമല്ലിത്. പരാതി നൽകും എന്ന് പറഞ്ഞതിനാലാണ് കമ്മീഷൻ സ്വമേധയാ ഇടപെടാതിരുന്നതെന്നും പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചുവെന്നും സതീദേവി കൂട്ടിച്ചേർത്തു.

