റായ്പുർ: ഛത്തീസ്ഗഢിൽ വലിയ വാഗ്ദാനങ്ങളുമായി കോൺഗ്രസ്. സംസ്ഥാനത്തെ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഛത്തീസ്ഗഢിലെ കങ്കർ ജില്ലയിലെ ഭാനുപ്രതാപുർ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ബിജെപിക്കെതിരെ അദ്ദേഹം വിമർശനം ഉന്നയിക്കുകയും ചെയ്തു. കർഷകരുടെ കടങ്ങൾ ബിജെപി എഴുതിത്തള്ളില്ല. അവർക്ക് അദാനിയുടെ കടങ്ങൾ മാത്രമേ എഴുതിത്തള്ളാൻ കഴിയൂ. കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്ന് തങ്ങൾ പറഞ്ഞിട്ടുണ്ടായിരുന്നു. അത് ചെയ്തുകാണിച്ചു. ഛത്തീസ്ഗഢിലെ കർഷകരുടെ കടങ്ങൾ വീണ്ടും എഴുതിത്തള്ളുമെന്ന് താൻ ഒരിക്കൽക്കൂടി ഉറപ്പുനൽകുകയാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
15 ലക്ഷം രൂപ എല്ലാവരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി മോദി ഉറപ്പുനൽകിയിരുന്നു. പക്ഷേ ഒന്നുമുണ്ടായില്ല. എന്നാൽ താൻ വ്യാജ ഉറപ്പുകൾ നൽകില്ല. പറയുന്നതെന്തോ അത് താൻ ചെയ്യും. കോൺഗ്രസ് സർക്കാർ കർഷകരെയും തൊഴിലാളികളെയും ദരിദ്രരെയും സഹായിക്കുമ്പോൾ, ബിജെപി സർക്കാർ വലിയ വായിൽ സംസാരിക്കുകയും എന്നിട്ട് അവസാനം അദാനിയെ സഹായിക്കുകയും ചെയ്യുന്നുവെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
അധികാരത്തിലെത്തിയാൽ രാജ്യത്ത് ജാതി സെൻസസ് നടപ്പാക്കും. സംസ്ഥാനത്ത് സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകും. സർക്കാർ സ്ഥാപനങ്ങളിൽ പ്രൈമറി തലം മുതൽ പി ജി വരെ സൗജന്യ വിദ്യാഭ്യാസം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

