ദേശീയ പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ ‘സൂരറൈ പോട്ര്’ൻറെ സംവിധായക സുധ കൊങ്കരയുടെ അടുത്ത ചിത്രത്തിലും നടൻ സൂര്യ നായകനാകുന്നു. താത്കാലികമായി സൂര്യ43 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ ആണ് തുടങ്ങിയിരിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് സൂര്യയുടെ സ്വന്തം പ്രൊഡക്ഷൻ ഹൗസായ 2D എന്റർടൈൻമെന്റിൻറെ ബാനറിൽ സൂര്യ, ജ്യോതിക, രാജ്ശേഖർ കർപൂര സുന്ദരപാണ്ഡ്യൻ എന്നിവർ ചേർന്നാണ്.
ഇതേ ചിത്രത്തിൽ ദുൽഖർ സൽമാനും നസ്രിയയും പ്രധാന വേഷങ്ങളിൽ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. സൂര്യയും ദുൽഖറും ഒരുമിച്ച് അഭിനയിക്കുന്നത് ഇതാദ്യമാണ്. സംഗീത സംവിധായകൻ ജി വി പ്രകാശാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. സംഗീതസംവിധായകനെന്ന നിലയിൽ ജി വി പ്രകാശിന്റെ നൂറാമത്തെ സിനിമയെന്ന വലിയ പ്രത്യേകത സുധയുടെ സംവിധാന ചിത്രത്തിനുണ്ട്.
സൂര്യ-സുധ കൊങ്കര-ജിവി പ്രകാശ് കൂട്ടുകെട്ടിൽ ഒരു സിനിമ എത്തുന്നു എന്ന വാർത്ത പ്രേക്ഷകരിൽ പ്രതീക്ഷ കൂട്ടുന്നുണ്ട്. ചിത്രം തിയറ്ററുകളിൽ എത്തുന്നതിന് മുന്നേ ആരാധകർ ആവേശത്തിലാണ്. വിജയ് വർമ്മയാണ് ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദുൽഖർ ചിത്രത്തിന്റെ ടീസർ തന്റെ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടുകൊണ്ടാണ് താൻ ചിത്രത്തിന്റെ ഭാഗമാകുന്നുവെന്ന വിവരം അറിയിച്ചിരിക്കുന്നത്.

