ടെൽ അവീവ്: ഹമാസിനെതിരായ പോരാട്ടത്തിൽ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച് അറിയിച്ച് ഫ്രാൻസ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ടെൽ അവീവിൽ എത്തിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രയേലിനെതിരെ ഹമാസ് സായുധ സംഘം ഒക്ടോബർ ഏഴിന് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ 30 ഫ്രഞ്ച് പൗരന്മാരും കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഫ്രഞ്ച് പ്രസിഡന്റ് ചർച്ച നടത്തും. ഇസ്രയേലിനുള്ള ഫ്രാൻസിന്റെ സമ്പൂർണ പിന്തുണ നെതന്യാഹുവിനെ അറിയിക്കുമെന്നും മക്രോയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഹമാസ് ഗസയിൽ ബന്ദികളാക്കിയിട്ടുള്ള ഇരുന്നൂറിലധികം പേരുടെ മോചനത്തിനായുള്ള നയതന്ത്ര നീക്കങ്ങളും മക്രോയുടെ സന്ദർശനത്തിന്റെ ലക്ഷ്യമാണ്. മാത്രമല്ല, അതിരൂക്ഷമായി തുടരുന്ന സംഘർഷം യുദ്ധത്തിനു വഴിമാറാതിരിക്കാനുള്ള സമ്മർദ്ദ നീക്കങ്ങളും നടത്തുമെന്നാണ് വിവരം.
നെതന്യാഹുവിനു പുറമെ ഇസ്രയേൽ പ്രസിഡന്റ് ഇസാക് ഹെർസോഗ്, ഇസ്രയേലിലെ മുതിർന്ന നേതാക്കളായ ബെന്നി ഗാന്റ്സ്, യയിർ ലാപിഡ് എന്നിവരുമായും മക്രോൺ ചർച്ച നടത്തും. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികൾ മുന്നോട്ടു വയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.

