ജഡ്ജി നിയമനം; സുപ്രീംകോടതി കൊളീജിയം രണ്ടാമത് നൽകിയ ശുപാർശകളിൽ കേന്ദ്ര തീരുമാനം വൈകിയേക്കും

ന്യൂഡൽഹി: സുപ്രീംകോടതി കൊളീജിയം രണ്ടാമത് നൽകിയ ജഡ്ജി നിയമന ശുപാർശകളിൽ കേന്ദ്രസർക്കാർ തീരുമാനം വൈകിയേക്കും. നിയമന ശുപാർശയിൽ ജഡ്ജി നിയമനത്തിനുള്ള പരിഷ്‌കരിച്ച നടപടിക്രമങ്ങൾക്ക് അന്തിമരൂപം നൽകിയ ശേഷം തീരുമാനമെടുത്താൽ മതിയെന്നാണ് ഇപ്പോഴുള്ള തീരുമാനം. നവംബർ ഏഴിന് ജഡ്ജി നിയമനം വൈകുന്നതിനെതിരായ ഹർജികൾ പരിഗണിക്കുമ്പോൾ കേന്ദ്ര സർക്കാർ നിലപാട് സുപ്രീംകോടതിയെ അറിയിക്കും.

സുപ്രീംകോടതി കൊളീജിയത്തിന്റെ പരിഗണനയിലാണ് സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിനുള്ള നടപടിക്രമങ്ങളുടെ പരിഷ്‌കരിച്ച രൂപം. നടപടിക്രമങ്ങളുടെ പരിഷ്‌കരിച്ച കരട് ഏഴ് വർഷം മുമ്പാണ് കേന്ദ്രം സുപ്രീം കോടതിക്ക് കൈമാറിയത്. ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നതിൽ കേന്ദ്ര സർക്കാരിനുകൂടി പങ്കാളിത്തം നൽകുന്ന ഈ കരടിനോട് സുപ്രീംകോടതി കൊളീജിയത്തിന് വിയോജിപ്പാണ്. അതിനാലാണ് കൊളീജിയം തീരുമാനം വൈകുന്നത്.അതേസമയം, ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട കൊളീജിയം തീരുമാനം വൈകുന്നതിൽ കേന്ദ്ര സർക്കാരിനെ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.

രണ്ടാമതും ശുപാർശ ചെയ്യുന്ന പേരുകളിൽ കേന്ദ്രത്തിന്റെ തീരുമാനം വൈകുന്നതിനെതിരെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.