തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയ പണത്തിന് നികുതി അടച്ചുവെന്ന് ധനവകുപ്പ് സ്ഥിരീകരിച്ചു. സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയ്ക്കാണ് വീണാ വിജയൻ ഐജിഎസ്ടി അടച്ചത്. വീണ നികുതി അടച്ചതായി ജിഎസ്ടി കമ്മീഷണർ ധനമന്ത്രിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ധനവകുപ്പ് റിപ്പോർട്ട് ലഭിച്ച വിവരം സ്ഥിരീകരിക്കുകയും ചെയ്തു.
ഇതുസംബന്ധിച്ച് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എം.എൽ.എക്ക് ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി കത്ത് നൽകി. നിയമാനുസരണം അടക്കേണ്ട തുക അടച്ചതായി കാണുന്നുവെന്നാണ് മാത്യു കുഴൽനാടന് നൽകിയ കത്തിൽ ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി അറിയിച്ചിട്ടുള്ളത്.
എക്സാലോജിക് കമ്പനി നികുതി വെട്ടിപ്പ് നടത്തിയെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ ധനവകുപ്പിന് പരാതി നൽകിയിരുന്നു. നേരത്തെ വീണ വിജയന്റെ കമ്പനി നികുതി അടച്ചുവെന്ന് വ്യക്തമാക്കി ജിഎസ്ടി കമ്മീഷണർ റിപ്പോർട്ട് നൽകിയിരുന്നു. ജിഎസ്ടി കമ്മീഷണറുടെ റിപ്പോർട്ട് സംബന്ധിച്ച വിവരവും നേരത്തെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് മാത്യു കുഴൽനാടൻ എംഎൽഎക്ക് നൽകിയ കത്ത് പുറത്തുവന്നത്.

