തിരുവനന്തപുരം: സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബാറുടമകളും സർക്കാരും ഒത്തുകളിച്ചെന്ന് അദ്ദേഹം പറഞ്ഞു. നികുതി കുടിശിക പിരിച്ചെടുക്കാനുളള തീരുമാനം അട്ടിമറിച്ചതിന് പിന്നിൽ അഴിമതിയാണെന്ന് അദ്ദേഹം ആരോപിച്ചു.
കോഴ വാങ്ങിയത് ആരൊക്കെയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാറുകളിലെ നികുതി കുടിശിക പിരിച്ചെടുക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയെന്ന് പ്രതിപക്ഷം നിരന്തരം നിയമസഭയിൽ ചൂണ്ടിക്കാട്ടിയതാണ്. വീഴ്ച പറ്റിയെന്ന് സർക്കാർ സമ്മതിച്ചതുമാണ്. എന്നിട്ടും കുടിശിക പിരിക്കാനുള്ള തീരുമാനം സർക്കാർ തന്നെ അട്ടിമറിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കുടിശിക അടയ്ക്കാത്ത ബാറുകൾക്ക് മദ്യം കൊടുക്കുന്നത് സർക്കാർ നിർത്തി വച്ചതാണ്. എന്നാൽ ബാറുടമകളുടെ സമ്മർദ്ദത്തെ തുടർന്ന് ഈ തീരുമാനം പിൻവലിച്ചെന്നാണ് മാദ്ധ്യമ വാർത്തകൾ. തീരുമാനം സർക്കാർ പിൻവലിക്കുമെന്ന് ബാറുടമകൾക്ക് മുൻകൂട്ടി അറിയാമായിരുന്നു. അനുകൂല തീരുമാനം ഉണ്ടാക്കുന്നതിന് വേണ്ടി ബാറുടമകൾ സംഘടനാതലത്തിൽ പണപ്പിരിവ് നടത്തിയെന്ന വിവരങ്ങളും പുറത്തു വരുന്നു. കൊടിയ അഴിമതിയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. സർക്കാരിനെക്കൊണ്ട് തീരുമാനം പിൻവലിപ്പിക്കുന്നതിന് ആരൊക്കെയാണ് ബാർ ഉടമകളിൽ നിന്നും കോഴ വാങ്ങിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
മന്ത്രിമാരും രാഷ്ട്രീയ നേതൃത്വവും ഉൾപ്പെടെ സംശയ നിഴലിലാണ്. ഇതേക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടാൻ മുഖ്യമന്ത്രി തയാറാകണം. ബാറുകളിൽ നിന്ന് ചുരുങ്ങിയത് 300 കോടി രൂപയെങ്കിലും നികുതി കുടിശിക പിരിക്കാനുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോഴും കുടിശിക പിരിക്കുന്നതിൽ സർക്കാരിന് ആത്മാർത്ഥതയില്ല. ബാറുകളുടെ ടേൺ ഓവർ എത്രയെന്നത് സംബന്ധിച്ച കൃത്യമായ പരിശോധനയുമില്ല. ബാർ ഉടമകൾ നൽകുന്നതാണ് സർക്കാരിന്റെ ആധികാരിക കണക്ക്. ഇത് കൂടി ചേരുമ്പോൾ നഷ്ടകണക്ക് വീണ്ടും കൂടും. ബാറുടമകളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിലൂടെ ധനവകുപ്പ് തന്നെയാണ് ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കുന്നതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

