ഗാസ: ഗാസയിലേക്ക് ജീവകാരുണ്യ സഹായമെത്തി തുടങ്ങിയതായി റിപ്പോർട്ട്. സഹായവുമായി എത്തിയ ട്രക്കുകൾ ഈജിപ്തിൽ നിന്നു റഫാ അതിർത്തി വഴി ഗാസയിലേക്കു കടന്നു തുടങ്ങിയെന്നാണ് പുറത്തു വരുന്ന വിവരം. സുരക്ഷാ ഉദ്യോഗസ്ഥരും ഈജ്പിത് റെഡ് ക്രെസന്റ് അധികൃതരുമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നൂറുകണക്കിന് ട്രക്കുകളാണ് മരുന്നുകളും അവശ്യവസ്തുക്കളുമായി ഗാസയിലേക്കു പോകാൻ അതിർത്തിയിൽ കാത്തുകിടന്നിരുന്നത്. 20 ട്രക്കുകൾ മാത്രമാവും ഒരു ദിവസം കടത്തി വിടുന്നത്. നേരത്തെ യുഎസ് പ്രഡിസന്റ് ജോ ബൈഡൻ 48 മണിക്കൂറിനുള്ളിൽ ട്രക്കുകൾ ഗാസയിലേക്കു പോകുമെന്ന് വ്യക്തമാക്കിയിരുന്നു. ഇസ്രയേലും ഈജിപ്ത് പ്രസിഡന്റും ഇക്കാര്യത്തിൽ സന്നദ്ധത അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ട്രക്കുകൾ കടത്തിവിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് റഫാ അതിർത്തിയിൽ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനം നടത്തിയിരുന്നു. ഈ ട്രക്കുകൾ വെറും ട്രക്കുകളല്ല, ഗാസയിലെ ജനങ്ങൾക്കു മരണത്തിൽനിന്നു ജീവിതത്തിലേക്കുള്ള പിടിവള്ളിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

