തിരുവനന്തപുരം: ലൈംഗിക ദൃശ്യങ്ങൾ ഓൺലൈനിൽ ചിത്രീകരിച്ച് മറ്റുള്ളവർക്ക് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഭവങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. വ്യക്തികളുടെ ലൈംഗികദൃശ്യങ്ങൾ ഓൺലൈനിൽ ചിത്രീകരിച്ച് മറ്റുള്ളവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും അല്ലാതെയും പണം തട്ടുന്നത് ഉൾപ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ അറിയിക്കുന്നതിനുള്ള വാട്‌സ് ആപ്പ് നമ്പറും പോലീസ് പങ്കുവെച്ചു. 9497980900 എന്ന വാട്ട്‌സ് ആപ്പ് നമ്പറിലൂടെയാണ് പരാതി അറിയിക്കേണ്ടത്.
ബ്ലാക്ക് മെയിലിങ്, മോർഫിങ് മുതലായ കുറ്റകൃത്യങ്ങളും ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളും ഈ വാട്ട്‌സാപ്പ് നമ്പറിൽ അറിയിക്കാവുന്നതാണ്. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, ശബ്ദസന്ദേശം എന്നീ മാർഗ്ഗങ്ങളിലൂടെ പരാതി നൽകാം. നേരിട്ടു വിളിക്കാനാവില്ല. ഈ സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കും. ആവശ്യമുള്ളപക്ഷം പരാതിക്കാരെ തിരികെ വിളിച്ച് വിവരങ്ങൾ ശേഖരിക്കുന്നതാണ്. പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

