ന്യൂഡൽഹി: സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം സ്വവർഗ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ അനുവാദം തേടി സമർപ്പിക്കപ്പെട്ട ഹർജികൾ തള്ളി സുപ്രീം കോടതി. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെയാണ് ഹർജി തള്ളിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളും സ്വവർഗ വിവാഹങ്ങൾക്ക് നിയമസാധുത നൽകണമെന്നായിരുന്നു വിധി പറഞ്ഞത്. എന്നാൽ ബെഞ്ചിലെ മറ്റു മൂന്നു ജഡ്ജിമാരായ ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ഹിമ കോലി, പി.എസ് നരസിംഹ എന്നിവർ സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനോട് വിയോജിക്കുകയായിരുന്നു.
സ്വവർഗ വിവാഹം നഗരകേന്ദ്രീകൃതമല്ലെന്നും വരേണ്യ നിലപാടല്ലെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടിരുന്നു.
ബന്ധങ്ങൾ രണ്ടു വ്യക്തികളുടെ തീരുമാനമാണ്. ഇത്തരം കൂട്ടുകെട്ടുകൾ അംഗീകരിക്കാത്തത് സ്വവർഗ ദമ്പതികളോടുള്ള വിവേചനമാകുമെന്നും അദ്ദേഹം പറഞ്ഞു. ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നത് ഒരാളുടെ ജീവിതരീതിയുടെ അടിസ്ഥാന ഭാഗമാണ്. ചിലർക്ക് അത് അവരുടെ ജീവതത്തിലെ ഏറ്റവും പ്രധാന തീരുമാനമാണ്. ഭരണഘടനയുടെ അനുഛേദം 21 പ്രകാരമുള്ള അവകാശം അവർക്കുണ്ടെന്നും എല്ലാവർക്കും അവരുടെ ജീവിതത്തിന്റെ ധാർമിക നിലവാരം തീരുമാനിക്കാനുള്ള അവകാശമുണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
പങ്കാളിയെ തെരഞ്ഞെടുക്കാൻ വ്യക്തിക്ക് അവകാശം ഉണ്ടെങ്കിലും അതിന് നിയമസാധുത നൽകാനാവില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. സ്വവർഗവിവാഹങ്ങൾ അംഗീകരിച്ചുകൊണ്ട് പ്രത്യേക വിവാഹനിയമത്തിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
പങ്കാളിയെ തെരഞ്ഞെടുക്കാൻ അവകാശം ഉറപ്പാക്കുന്നു. എന്നാൽ, ഇതിന് നിയമസാധുത നൽകാനാവില്ലെന്നും പ്രത്യേക വിവാഹ നിയമം മാറ്റാനാവില്ലെന്നുമാണ് ഭൂരിപക്ഷ വിധി. കുട്ടികളെ ദത്തെടുക്കാനുള്ള അവകാശവും നൽകാനാവില്ല. എന്നാൽ സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങൾ ഉറപ്പാക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.

