മിടിക്കുന്ന കുരുന്ന് ഹൃദയം പിടിച്ചുനിർത്താനാവില്ല; 26 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി വേണമെന്ന ഹർജി തള്ളി

ന്യൂഡൽഹി: ഗർഭഛിദ്രവുമായി ബന്ധപ്പെട്ട് നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി. 26 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി വേണമെന്ന ഹർജി സുപ്രീംകോടതി തള്ളി. 26 ആഴ്ചയും അഞ്ച് ദിവസവും പിന്നിടുന്ന ഗർഭം അലസിപ്പിക്കുന്നത് മെഡിക്കൽ ചട്ടങ്ങളുടെ ലംഘനമാണെന്ന് കോടതി വ്യക്തമാക്കി. മിടിക്കുന്ന കുരുന്ന് ഹൃദയം പിടിച്ചുനിർത്താനാവില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹർജി തള്ളിയത്.

ഡൽഹി സ്വദേശിയും രണ്ട് കുട്ടികളുടെ അമ്മയുമായ 27കാരിയാണ് ഗർഭഛിദ്രത്തിന് അനുമതി തേടി കോടതിയിൽ ഹർജി നൽകിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. എയിംസ് മെഡിക്കൽ ബോർഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് കോടതി വിലയിരുത്തി. പിന്നീടാണ് ഹർജി തള്ളിയത്.

26 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ സ്ത്രീ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടന്ന് ആദ്യം പ്രത്യേക ബെഞ്ച് അനുമതി നൽകിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ സർക്കാർ എയിംസ് റിപ്പോർട്ട് സമർപ്പിച്ച് ഉത്തരവ് പിൻവലിക്കാൻ കോടതിയോട് ആവശ്യപ്പെട്ടു. ഗർഭം നീക്കം ചെയ്യാനുള്ള അസാധാരണ സാഹചര്യം ഈ കേസിൽ ഇല്ലെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്. പ്രസവിച്ചാൽ അമ്മയുടെ ജീവനും ഒരു കുഴപ്പവുമുണ്ടാകില്ലെന്നും സർക്കാർ അറിയിച്ചിരുന്നു.