ഡാര്‍വിന്റേയും ഐന്‍സ്റ്റീന്റേയും സിദ്ധാന്തങ്ങള്‍ ചോദ്യംചെയ്ത് പൊതുതാൽപര്യ ഹർജി

ന്യൂഡൽഹി: ചാൾസ് ഡാർവിന്റെ പരിണാമസിദ്ധാന്തത്തേയും ആൽബർട്ട് ഐൻസ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തത്തേയും ചോദ്യംചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹർജി തള്ളി സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സുധാംശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.

ഭരണഘടനയുടെ 32-ാം അനുച്ഛേദമനുസരിച്ച് സമർപ്പിക്കാവുന്ന റിട്ട് ഹർജിയുടെ പരിധിയിൽ ശാസ്ത്രീയ ധാരണകളെ ചോദ്യംചെയ്യുന്ന തരത്തിലുള്ള ഹർജി അനുവദിക്കാനാകില്ലെന്നും സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. ഡാർവിന്റെ പരിണാമ സിദ്ധാന്തവും ഐൻസ്റ്റീന്റെ സമവാക്യവും തെറ്റാണെന്ന് സ്ഥാപിക്കുകയാണ് ഹർജിക്കാരന്റെ ആവശ്യം.

ഈ സിദ്ധാന്തങ്ങൾ തെറ്റാണെന്നാണ് ഹർജിക്കാരന്റെ വിശ്വാസമെങ്കിൽ അദ്ദേഹത്തിന് അത് സ്വയം പ്രചരിപ്പിക്കാവുന്നതാണ്. ഭരണഘടനയുടെ 32-ാം അനുച്ഛേദം അനുസരിച്ചുള്ള റിട്ട് ഹർജികൾ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ടതാണ്. അതിനാൽ തന്നെ ഈ ഹർജി അനുവദിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.