വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തിന് വലിയ നേട്ടമുണ്ടാക്കും; എം വി ഗോവിന്ദൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം നടപ്പിലാക്കുമെന്നത് എൽഡിഎഫ് പ്രകടനപത്രികയിൽ ചൂണ്ടിക്കാട്ടിയ കാര്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിഴിഞ്ഞം സംസ്ഥാനത്തിന് വലിയ നേട്ടമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഒക്ടോബർ 15 ന് വിഴിഞ്ഞത്ത് ആദ്യ കപ്പൽ എത്തുമ്പോൾ പ്രാദേശികതലത്തിൽ എല്ലാ പ്രദേശങ്ങളിലും പാർട്ടി ആഹ്ലാദ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എന്ന ആശയം മുന്നോട്ടുവച്ചത് ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. ചൈനീസ് പങ്കാളിത്തത്തിന്റെ പേരിൽ എ കെ. ആന്റണി പ്രതിരോധ മന്ത്രിയായിരുന്നപ്പോഴാണ് തുറമുഖ നിർമ്മാണ കരാർ റദ്ദാക്കിയത്. എന്നാൽ പദ്ധതിയുടെ ക്രെഡിറ്റ് സിപിഎം മാത്രം എടുക്കേണ്ടെന്നും എല്ലാവരും എടുത്തോട്ടെയെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിക്കെതിരെ സമരം നടന്ന ഘട്ടത്തിലൊക്കെ വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ബിജെപിയുടെ വർഗശത്രു സിപിഎം ആണെന്ന് അവർ പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസും ബിജെപിയും ഒരേ തൂവൽ പക്ഷികളെപ്പോലെ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. പലസ്തീനിൽ സമാധാനം ഉറപ്പുവരുത്തുക, യുഎൻ കരാർ നടപ്പിലാക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ഒക്ടോബർ 20 വരെ ഏരിയാ കേന്ദ്രങ്ങളിൽ സിപിഎം ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.