ഊർജ രംഗത്ത് സഹകരിക്കാൻ ധാരണയായി ഇന്ത്യയും സൗദി അറേബ്യയും; ധാരണാപത്രത്തിൽ ഒപ്പുവെച്ചു

തിരുവനന്തപുരം: ഊർജ രംഗത്ത് സഹകരിക്കാൻ ധാരണയായി ഇന്ത്യയും സൗദി അറേബ്യയും. ഇലക്ട്രിക്കൽ ഇന്റർ കണക്ഷൻ, ഗ്രീൻ ഹൈഡ്രജൻ സപ്ലൈ ചെയിൻ എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും സഹകരിക്കാനാണ് ധാരണയായത്.

ഇന്ത്യയുടെയും സൗദി അറേബ്യയുടെയും ഊർജ മന്ത്രിമാർ ഇതുസംബന്ധിച്ച ധാരണാ പത്രത്തിൽ ഒപ്പുവെയ്ക്കുകയും ചെയ്തു. ഇന്ത്യൻ ഊർജമന്ത്രി ആർ കെ സിങ്ങ് റിയാദ് സന്ദർശനത്തിനായി എത്തിയപ്പോഴാണ് ധാരണാ പത്രത്തിൽ ഒപ്പുവെച്ചത്.

അടിയന്തര ഘട്ടങ്ങളിലും തിരക്കേറിയ സാഹചര്യങ്ങളിലും വൈദ്യുതി കൈമാറാനും, ഊർജ പദ്ധതികളിൽ പരസ്പരം സഹകരിക്കാനും അവ വികസിപ്പിക്കാനും, ഗ്രീൻ ഹൈഡ്രജനും പുനരുപയോഗ ഊർജവും പരസ്പര സഹകരണത്തോടെ വികസിപ്പിക്കാനും, ഊർജ വിതരണ ശൃംഖലകൾ സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങളാണ് ധാരണാപത്രത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. ധാരണാപത്രത്തിലെ കാര്യങ്ങൾ ഉറപ്പാക്കുന്നതിന് ബിസിനസ് ഉച്ചകോടികളും പതിവ് ആശയ വിനിമയങ്ങളും നടത്തും.

അതേസമയം, 2023 ഒക്ടോബർ 8 മുതൽ 12 വരെ സൗദി അറേബ്യയിലെ റിയാദിൽ നടക്കുന്ന മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക ക്ലൈമറ്റ് വീക്ക് 2023 ൽ Middle East and North Africa (MENA) Climate Week 2023) ആർ.കെ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘം പങ്കെടുക്കും. ലോകം നേരിടുന്ന കാലാവസ്ഥാ പ്രശ്‌നങ്ങൾ ചർച്ച ചെയ്യപ്പെടും. ആഗോളതലത്തിൽ ഊർജ ഉത്പാദനം, ഊർജ ഉപഭോഗം, സുസ്ഥിരത എന്നി മേഖലകളിൽ കൂടുതൽ പദ്ധതികൾ ആവിഷ്‌കരിക്കേണ്ടത് വളരെ പ്രധാനമാണെന്നാണ് ആർ.കെ സിങ്ങ് വ്യക്തമാക്കിയത്. ക്ലൈമറ്റ് വീക്കിലെ ഒരു സെഷനിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.