കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നേരിട്ട് ഹാജരാകണമെന്ന് വ്യക്തമാക്കി കോടതി. ഈ മാസം 25-ന് കേസിൽ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ വിടുതൽ ഹർജി കോടതി പരിഗണിക്കും. അന്ന് ആറ് പ്രതികളും ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബി.എസ്.പി. സ്ഥാനാർഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർഥിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നാണ് കെ സുരേന്ദ്രനെതിരെയുള്ള കേസ്. സുന്ദര തന്നെ ഇക്കാര്യങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തുകയും ചെയ്തിരുന്നു. കെ സുരേന്ദ്രൻ തന്നെ ഭീഷണിപ്പെടുത്തിയെന്നും സുന്ദര പറഞ്ഞിരുന്നു.
അന്നത്തെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി വി രമേശന്റെ പരാതിയിൽ 2021 ജൂണിലാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. കേസെടുത്തതും പ്രതി ചേർത്തതും നിയമാനുസൃതമല്ലെന്ന വാദമാണ് കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ ഇപ്പോൾ മുന്നോട്ടുവെച്ചിട്ടുള്ളത്.

