ടെൽ അവീവ്: ഗാസയിൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്താൻ ഉത്തരവിട്ട് ഇസ്രായേൽ. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിൽ ഭക്ഷണവും ഇന്ധനവും വൈദ്യുതി വിതരണവും ഉൾപ്പെടെ തടയുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് വ്യക്തമാക്കി.
നിലവിൽ ഗാസയിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. എന്നാൽ അക്രമികൾ ഇനിയും ഉണ്ടാകാമെന്നും ഉപരോധം അവർക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വിശദീകരിച്ചു. നേരത്തെ പലസ്തീൻ സായുധ സംഘടന ഹമാസിനെതിരെ ഇസ്രയേൽ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചിരുന്നു.
1973 ന് ശേഷം ആദ്യമായാണ് ഇസ്രയേൽ ഔദ്യോഗിക യുദ്ധ പ്രഖ്യാപനം നടത്തുന്നത്. ഇസ്രയേൽ സുരക്ഷാകാര്യ മന്ത്രിസഭാ യോഗം ചേർന്നാണ് ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. ഇസ്രയേലും ഹമാസും തമ്മിൽ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം.

