തിരുവനന്തപുരം: ജനങ്ങളുടെ സർക്കാരിന് ജനങ്ങൾക്ക് മുന്നിൽ ഒന്നും മറച്ചു വെക്കാൻ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യമന്ത്രിയുടെ ഓഫീസിന് നേരെ തൊടുത്തുവിട്ട ആക്ഷേപം പൊളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ എങ്ങനെയും ആക്ഷേപിക്കാനുള്ള ശ്രമം നടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, നിയമന കോഴ ആരോപണത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജും രംഗത്തെത്തിയിരുന്നു. ആരോപണത്തിന് പിന്നിൽ സർക്കാരിനെതിരെ കള്ളക്കഥമെനയുന്നവരെന്ന് മന്ത്രി വ്യക്തമാക്കി. നിയമന തട്ടിപ്പ് വിവാദത്തിൽ കാര്യമായി മറുപടി പറയാനുണ്ട്. അന്വേഷണം പൂർത്തിയായ ശേഷം മറുപടി പറയാം. നിയമനത്തട്ടിപ്പ് വിവാദത്തിൽ ചില കാര്യങ്ങൾ പറയാനുണ്ട്. എന്നാൽ, ഇപ്പോൾ അന്വേഷണം നടക്കുകയാണ് അത് കഴിയട്ടെയെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.
കൈക്കൂലി വാങ്ങിയത് തന്റെ ബന്ധുവാണെന്ന് പറഞ്ഞവരുണ്ട്. അവർ ആദ്യം പ്രതികരിക്കട്ടേ. സർക്കാരിനെതിരെ നടക്കുന്ന പ്രവർത്തനങ്ങളുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ ആരോപണം. വിഷയത്തിൽ അന്വേഷണം നടക്കട്ടെ. പൊലീസ് എല്ലാ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. . സർക്കാരിന് ഒരു പ്രവർത്തന രീതിയുണ്ട്. അത് അഴിമതി വിരുദ്ധമാണ്. സർക്കാരിനെതിരെ കള്ളക്കഥകൾ മെനയുന്നവരുണ്ട്. അതിന്റെ ഭാഗമാണ് ഇതുമെന്നും ആരോഗ്യമന്ത്രി വിശദമാക്കി.

