വംശീയ കലാപത്തിന്റെ ഭീതിയടങ്ങാത്ത മണിപ്പൂരിൽ ഗോത്രവർഗ്ഗക്കാരനായ യുവാവിന്റെ ശരീരം കത്തിക്കുന്നതിന്റെ നടുങ്ങുന്ന വീഡിയോ എന്ന പേരിൽ ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു. ജീവനോടെയാണ് തീയിട്ട തെന്ന് കുക്കി വിഭാഗക്കാർ ആരോപണമുയർത്തി. പിന്നാലെ ശക്തമായ പ്രതിഷേധം ഉയർന്നു.കുക്കി വിഭാഗക്കാരായ അഞ്ചിലേറെ പേരെ കലാപകാരികൾ ജീവനോടെ ചുട്ടു കൊന്നിട്ടുണ്ടെന്ന് പരാതിയുണ്ട്.
മെയ് നാലിന് നടന്ന സംഭവമാണിതെന്നും കൊല്ലപ്പെട്ടത് കുക്കി വിഭാഗക്കാരനാണെന്നും പോലീസ് പറഞ്ഞു.ഇതേ വിഭാഗക്കാരായ രണ്ടു സ്ത്രീകളെ ബലാൽസംഗം ചെയ്ത് നഗ്നരാക്കി നടത്തിച്ച അതെ ദിവസമാണ് ഈ ക്രൂരതയും നടന്നത്. സംഭവത്തിൽ നേരത്തെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷിച്ചു വരികയാണെന്നും അ വർ വ്യക്തമാക്കി അങ്ങേയറ്റം സങ്കടകരവും ലജ്ജാകരവുമായ കുറ്റകൃത്യം എന്ന് പ്രതിപക്ഷ ഇന്ത്യ സഖ്യം ആരോപിച്ചു. മണിപ്പൂരിലെ ഗുരുതര പ്രശ്നങ്ങളെ കേന്ദ്രസർക്കാർ ഇനിയും വേണ്ട വിധത്തിൽ അഭിമുഖീകരിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.
കറുത്ത ടീഷർട്ടും പാന്റും ധരിച്ച ഒരാളുടെ ദേഹം അനങ്ങാതെ മണ്ണിൽ കിടക്കുന്നതാണ് വീഡിയോയിൽ തെളിയുന്നത്. മുഖത്ത് മുറിവുകളേറ്റ് ചോരയൊലിക്കുന്ന നിലയിലാണ്. ശരീരം കത്തുന്നതും കാണാം. ഫോട്ടോകളോ വീഡിയോകളും എടുക്കരുതെന്ന് കൂടി നിൽക്കുന്നവർ നിർദ്ദേശിക്കുന്നുണ്ട്. ഇവരെ ആരെയും 7 സെക്കൻഡുള്ള വീഡിയോയിൽ കാണുന്നില്ല.
പശ്ചാത്തലത്തിൽ വെടിവെച്ചകളും കേൾക്കാം. കുക്കി വിഭാഗക്കാരായ രണ്ടു സ്ത്രീകളെ ഒരു കൂട്ടം പുരുഷൻമാർ നഗ്നരാക്കി നടത്തിക്കുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ കഴിഞ്ഞ ജൂലായിൽ പുറത്തുവന്നിരുന്നു. ഇത് രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധത്തിനിടയാക്കി. ഈ കേസിൽ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജില്ലയിൽ ജാഥകളും പൊതുയോഗങ്ങളും പ്രതിഷേധ പ്രകടനങ്ങളും ആൾക്കൂട്ടവും നിരോധിച്ചുകൊണ്ട് പോലീസ് ഉത്തരവിറക്കി.സംഘര്ഷത്തിനുള്ള സാദ്ധ്യതകൾ കുറയ്ക്കാൻ വേണ്ടിയാണിതെന്നും അവർ വ്യക്തമാക്കി.

