തിരുവനന്തപുരം: എ സി മൊയ്തീന് മറുപടിയുമായി സുരേഷ് ഗോപി. കരുവന്നൂരിൽ മറുപടി അല്ല നടപടി ആണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആരോപണം ഉന്നയിക്കാൻ അവർക്ക് അവകാശം ഉണ്ട്. ജനങ്ങളുടെ വിഷയങ്ങളെല്ലാം തൃശൂരിൽ പ്രചാരണ വിഷയമാകും. വിഷയങ്ങളൊന്നും ഉണ്ടാക്കാതിരുന്നാൽ മതി. അപ്പോൾ തനിക്ക് വിഷയം കിട്ടില്ലല്ലോയെന്ന് അദ്ദേഹം അറിയിച്ചു. സത്യം ദൈവത്തിന് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽ പാർട്ടി ആവശ്യപ്പെട്ടാൽ പ്രചാരണത്തിന് പോകും. കരുവന്നൂരിൽ പണം നഷ്ടമായവരുടെ പ്രയാസത്തിലാണ് ഇടപ്പെട്ടത്. ഇഡി വഴി ബിജെപിക്ക് തൃശൂരിൽ വഴിയൊരുക്കാനാണ് സുരേഷ് ഗോപി ശ്രമിക്കുന്നതെന്നത് അവരുടെ ആരോപണം. ഇത്തരം പ്രതിസന്ധി ഉണ്ടാക്കാതിരിക്കാനാണ് ആരോപണം ഉന്നയിക്കുന്നവർ ശ്രമിക്കേണ്ടതെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
സിപിഎം നേതാവ് എ സി മൊയ്തീൻ കഴിഞ്ഞ ദിവസം സുരേഷ് ഗോപിയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപിയ്ക്ക് തൃശൂരിൽ മത്സരിക്കാൻ അരങ്ങൊരുക്കുകയാണ് ഇ ഡി ചെയ്യുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇതേ ലക്ഷ്യത്തോടെയാണ് സുരേഷ് ഗോപി കരുവന്നൂരിൽ പദയാത്ര നടത്തുന്നത്. ഒരു സന്ദർഭം കിട്ടിയപ്പോൾ തൃശ്ശൂർ ജില്ല അവർ തിരഞ്ഞെടുത്തതിന് കാരണമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

