തിരുവനന്തപുരം: ഷുഹൈബ് വധക്കേസ് ഒന്നാം പ്രതി ആകാശ് തില്ലങ്കേരിക്കെതിരെ ചുമത്തിയിരുന്ന കാപ്പ വകുപ്പ് ഒഴിവാക്കി. വിയ്യൂരിൽ ജയിലറെ ആക്രമിച്ച കേസ് കാപ്പ ചുമത്താൻ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ആഭ്യന്തര വകുപ്പാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കഴിഞ്ഞ മാസമാണ് ആകാശിനെ വീണ്ടും കാപ്പ ചുമത്തിയതും കസ്റ്റഡിയിലെടുത്തതും. മകളുടെ പേരിടൽ ചടങ്ങിനിടെയായിരുന്നു അറസ്റ്റ്.
ആകാശ് തില്ലങ്കേരിക്കെതിരെ ആദ്യം കാപ്പ ചുമത്തിയത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. തുടർന്ന് ആകാശിനെ വിയ്യൂർ ജയിലിൽ അടച്ചു. ആറ് മാസം തടവ് പൂർത്തിയാക്കി ഓഗസ്റ്റ് 27ന് ആകാശ് പുറത്തിറങ്ങി. സെപ്തംബർ 13ന് കണ്ണൂരിലെ വീട്ടിൽ മകളുടെ പേരിടൽ ചടങ്ങിനിടെ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വിയ്യൂരിൽ ഫോൺ ഉപയോഗം ചോദ്യം ചെയ്ത ജയിലറെ മർദിച്ച കേസ് ചൂണ്ടിക്കാട്ടിയായിരുന്നു കാപ്പ ചുമത്തൽ. ഇതിനെതിരെ കുടുംബം നൽകിയ അപ്പീലിലാണ് കാപ്പ റദ്ദാക്കിയുളള തീരുമാനം.

