മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ സുരക്ഷ വർദ്ധിപ്പിച്ചു. മഹാരാഷ്ട്ര പൊലീസാണ് അദ്ദേഹത്തിന്റെ സുരക്ഷ വർദ്ധിപ്പിച്ചത്. വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് അദ്ദേഹത്തിന് നൽകുന്നത്.
ഈ വർഷം ഷാരൂഖ് ബോളിവുഡിന് നൽകിയത് പഠാൻ, ജവാൻ തുടങ്ങി രണ്ട് വമ്പൻ ഹിറ്റുകളാണ്. ഈ സിനിമകളുടെ വജയത്തിന് പിന്നാലെ താരത്തിന്റെ ജീവന് ഭീഷണി വർധിച്ചുവെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. തുടർന്നാണ് സുരക്ഷ വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. മഹാരാഷ്ട്ര പൊലീസിന്റെ സ്പെഷ്യൽ പ്രൊട്ടക്ഷൻ ടീമിലുള്ള ആറ് സായുധ പൊലീസ് കമാന്റോകൾ ഇനി ഷാരൂഖിനൊപ്പം ഉണ്ടാകും. MP-5 യന്ത്രത്തോക്കുകൾ, AK-47 ആക്രമണ റൈഫിളുകൾ, ഗ്ലോക്ക് പിസ്റ്റളുകൾ എന്നിവയാണ് കമാന്റോകളുടെ ആയുധം.
കമാന്റോകളുടെ സുരക്ഷാവലയത്തിലായിരിക്കും രാജ്യത്തിനകത്ത് എല്ലാ സ്ഥലത്തും ഇനി ഷാരൂഖിന്റെ യാത്ര. താരത്തിന്റെ വസതിയിലും സുരക്ഷ കൂട്ടി. മുഴുവൻ സമയവും നാല് പൊലീസുകാരുടെ കാവൽ ഇവിടെയുണ്ടാകും.

