തിരുവനന്തപുരം: ഇസ്രയേലിലെ സംഭവ വികാസങ്ങളിൽ ആശങ്ക വേണ്ടെന്നും എന്തുകാര്യങ്ങൾക്കും ഇന്ത്യൻ എംബസിയെ ബന്ധപ്പെടണമെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഇസ്രായേലിലുള്ള ഇന്ത്യക്കാരോട് അവരവരുടെ വാസസ്ഥലങ്ങൾക്കു സമീപം സുരക്ഷിതമായി തുടരാനുള്ള നിർദേശം ഇന്ത്യൻ എംബസി നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്രയേലിലെ നിലവിലെ സാഹചര്യം അവിടെയുള്ളവർക്കാണ് കൂടുതലായി അറിയുന്നത്. വേണ്ട സഹായങ്ങൾ നൽകാൻ എംബസി സജ്ജമാണ്. തീർഥാടനത്തിനും മറ്റുമെത്തി ഇസ്രയേലിൽ കുടുങ്ങിക്കിടക്കുന്നവർക്ക് എംബസിയുമായി ബന്ധപ്പെടേണ്ട നമ്പറുകൾ ഉൾപ്പെടെ നൽകിയിട്ടുണ്ട്. അവിടെയുള്ള ഇന്ത്യക്കാരുടെ എണ്ണം സംബന്ധിച്ചും കൃത്യമായ ധാരണയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇസ്രയേലിന് അദ്ദേഹം ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ആക്രമണം സംബന്ധിച്ച് ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി മുൻപു തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.

