കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന്റെ വിലവർദ്ധനവ്; സുപ്രീം കോടതിയിൽ ഹർജി

ന്യൂഡൽഹി: കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന്റെ വിലവർദ്ധിപ്പിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി. എറണാകുളം സ്വദേശിയായ പി ആർ രാജീവാണ് ഉണ്ണിയപ്പത്തിന്റെ വിലവർദ്ധനവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. പത്ത് ഉണ്ണിയപ്പങ്ങൾ അടങ്ങുന്ന പാക്കറ്റിന്റെ വില 30 രൂപയിൽ നിന്നും 40 രൂപയായി വർദ്ധിപ്പിക്കാനാണ് നീക്കം. അഭിഭാഷകനായ സുവിധത്ത് സുന്ദരം മുഖേനയാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്.

വിലവർദ്ധനവ് അടിയന്തരമായി തന്നെ സ്‌റ്റേ ചെയ്യണമെന്നാണ് ഹർജിയൽ ആവശ്യപ്പെട്ടിട്ടുള്ളത്. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നീക്കം. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓംബുഡ്‌സ്മാൻ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് ഹൈക്കോടതി ഉണ്ണിയപ്പത്തിന്റെ വിലവർദ്ധനയ്ക്ക് ഉത്തരവിട്ടത്.

അസംസ്‌കൃത സാധനങ്ങളുടെ വിലയിലുണ്ടായ വർദ്ധനവ് ഉന്നയിച്ചാണ് ഉണ്ണിയപ്പത്തിന്റെ വില വർദ്ധിപ്പിക്കാനാണ് ഓംബുഡ്‌സ്മാൻ ശുപാർശ ചെയ്തത്. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ റിപ്പോർട്ട് പ്രകാരം 40 രൂപ വിലയുളള ഉണ്ണിയപ്പം വിൽക്കുമ്പോൾ 25 രൂപ അസംസ്‌കൃത വസ്തുക്കൾക്കും 15 രൂപ ലാഭമായി ഉണ്ണിയപ്പം ഉണ്ടാക്കുന്നവർക്കും നൽകണം എന്നാണ്. തുടർന്ന് ദേവസ്വം ബോർഡ് ഈ അനുപാതം മാറ്റുകയും 22 രൂപ അസംസ്‌കൃത വസ്തുക്കൾക്കും 18 രൂപ ലാഭമായി ഉണ്ണിയപ്പം ഉണ്ടാക്കുന്നവക്കും നൽകണം എന്നാക്കുകയും ചെയ്തു.

ഇതോടെ ഉണ്ണിയപ്പം ഉണ്ടാക്കുന്നവരുടെ ലാഭം പത്ത് രൂപയിൽ നിന്നു 18 രൂപയായി ഉയർന്നുവെന്നാണ് ഹർജിക്കാരന്റെ ആരോപണം. ഇതിലൂടെ 80 ശതമാനം വർദ്ധനവ് ഉണ്ടായെന്നും ഹർജിയിൽ പറയുന്നു. അസംസ്‌കൃത വസ്തുക്കളുടെ വിലവർദ്ധനവിന്റെ പേരിൽ ഉണ്ണിയപ്പത്തിന്റെ വില കൂട്ടുമ്പോൾ ഗുണം ലഭിക്കുന്നത് നിർമ്മിക്കുന്നവർക്കാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.