ഇസ്രയേലിലുണ്ടായ ആക്രമണം ഞെട്ടിക്കുന്നത്; ഹമാസ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇസ്രയേൽ പാലസ്തീൻ വിഷയത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേലിലുണ്ടായ ആക്രമണം ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിസന്ധി നിറഞ്ഞ ഈ മണിക്കൂറുകളിൽ ഇന്ത്യ ഇസ്രയേലിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു. എക്‌സ് മാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹം ഇതുസംബന്ധിച്ച പരാമർശം നടത്തിയത്. ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തെ അപലപിക്കുകയും ചെയ്തു.

ഇസ്രയേലിലെ അക്രമവാർത്തകൾ അതിയായ ഞെട്ടലുളവാക്കി. നിരപരാധികളായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കുമൊപ്പമാണ് തങ്ങളുടെ പ്രാർഥന. പ്രതിസന്ധി നിറഞ്ഞ ഈ വേളയിൽ ഇസ്രയേലിനോട് ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഇസ്രയേലിലുള്ള ഇന്ത്യൻ പൗരൻമാർക്ക് വിദേശകാര്യ മന്ത്രാലയം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. പ്രാദേശിക ഭരണകൂടങ്ങളുടെ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും ശ്രദ്ധയോടെ ഇരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.