ശ്രീഹരിക്കോട്ട: പുതിയ ദൗത്യത്തിന് തയ്യാറെടുക്കുകയാണ് ഐഎസ്ആർഒയുടെ എറ്റവും കരുത്തുള്ള വിക്ഷേപണ വാഹനമായ എൽവിഎം 3. ഗഗൻയാൻ ദൗത്യങ്ങൾക്കായാണ് എൽവിഎം 3 യെ തയ്യാറാക്കുന്നത്. 640 ടൺ ഭാരവും നാൽപ്പത്തിമൂന്നര മീറ്റർ ഉയരവും എൽവിഎം 3 യ്ക്ക് ഉണ്ട്. താഴ്ന്ന ഭൂ ഭ്രമണപഥത്തിലേക്ക് എട്ടായിരം കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ എത്തിക്കാനുള്ള കെൽപ്പുണ്ടെന്നതാണ് മറ്റൊരു സവിശേഷത.
എൽവിഎം 3 ഇതുവരെ ചെയ്ത ഏഴ് ദൗത്യങ്ങളും വിജയിച്ചിട്ടുണ്ട്. ചന്ദ്രയാൻ രണ്ടിനെയും മൂന്നിനെയും വഹിച്ചതും ഈ റോക്കറ്റാണ്. ഗഗൻയാൻ ദൗത്യത്തിന് വേണ്ടിയുള്ള എല്ലാവിധ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയിരിക്കുകയാണ് ഈ റോക്കറ്റ്. ക്രയോജനിക് എഞ്ചിന്റെ ശേഷി കൂട്ടിയെന്നും എല്ലാ സംവിധാനങ്ങളും മനുഷ്യ ദൗത്യങ്ങൾക്കായി സജ്ജമാക്കിയന്നെും എൽവിഎം 3 പ്രൊജക്ട് ഡയറക്ടർ മോഹനകുമാർ അറിയിച്ചു. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മൂന്ന് ഘട്ടങ്ങളാണ് റോക്കറ്റിനുള്ളത്. ഖര ഇന്ധനമുപയോഗിക്കുന്ന രണ്ട് സ്ട്രാപ്പോണുകൾ ജ്വലിപ്പിച്ചാണ് തുടക്കം. രണ്ട് വികാസ് എഞ്ചിനുകളുടെ കരുത്തിൽ കുതിക്കുന്ന എൽ 110 ആണ് രണ്ടാം ഘട്ടം. എൽവിഎം 3യുടെ മൂന്നാംഘട്ടത്തിന്റെ കരുത്ത് സിഇ 20 ക്രയോജനിക് എഞ്ചിനാണ്.

