ഭീകര പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി; ജെകെഡിഎഫ്പിയെ നിരോധിച്ചു

ന്യൂഡൽഹി: ഭീകര പ്രവർത്തനങ്ങൾക്കെതിരെ നടപടി ശക്തമാക്കി കേന്ദ്ര സർക്കാർ. വിഘടനവാദി നേതാവ് ഷബീർ അഹമ്മദ് ഷായുടെ സംഘടനയായ ജെകെഡിഎഫ്പിയെ രാജ്യത്ത് നിരോധിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച നടപടികൾ സ്വീകരിച്ചത്.

രാഷ്ട്ര വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായി തെളിഞ്ഞതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. ജെകെഡിഎഫ്പിയെ യുഎപിഎ നിയമപ്രകാരമാണ് നിരോധിച്ചത്. ഡൽഹി ജയിലിൽ തടവിൽ കഴിയുകയാണ് നിലവിൽ ഷബീർ അഹമ്മദ് ഷാ.

2017 ൽ കള്ളപ്പണ കേസിലാണ ഷബീറിനെ എൻഫോഴ്‌സ്‌മെന്റ് പിടികൂടിയത്. ഭീകരപ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയതുൾപ്പെടെ നിരവധി കേസുകൾ എൻഐഎ ഷബീറിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഘടനയിലെ അംഗങ്ങൾ പാകിസ്താന് അനുകൂലമായി പ്രവർത്തിക്കുകയും കശ്മീരിനെ സ്വതന്ത്രരാജ്യമാക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുള്ളത്.