ന്യൂസ് ക്ലിക്കിനെതിരായ നടപടി: സുപ്രീംകോടതി ഇടപെടൽ തേടി ചീഫ് ജസ്റ്റിസിന് കത്തയച്ച് മാധ്യമപ്രവർത്തകർ

ന്യൂഡൽഹി: ന്യൂസ് ക്ലിക്ക് ഓൺലൈൻ പോർട്ടൽ സ്ഥാപകനും മാധ്യമപ്രവർത്തകനുമായ പ്രബീർ പുർകായസ്തയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ സുപ്രീം കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന് കത്തയച്ച് മാധ്യമ പ്രവർത്തകർ. മാധ്യമങ്ങളെ നിശബ്ദരാക്കാൻ ശ്രമിക്കുന്ന അന്വേഷണ ഏജൻസികളെ നിയന്ത്രിക്കണമെന്ന് കത്തിൽ മാധ്യമ പ്രവർത്തകർ വ്യക്തമാക്കുന്നു.

വിഷയത്തിൽ സുപ്രീംകോടതി അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ഇവർ മുന്നോട്ടു വെയ്ക്കുന്നു. ഒരു മുന്നറിയിപ്പും കൂടാതെ പുലർച്ചെ വീടുകളിൽ നടത്തിയ റെയ്ഡിൽ മൊബൈൽ ഫോണുകളും, ലാപ്‌ടോപ്പുകളും പിടിച്ചെടുത്തു. കടുത്ത മനുഷ്യാവകാശ ലംഘനവും, തൊഴിൽ അവകാശങ്ങളുടെ ലംഘനവും നടന്നുവെന്ന് കത്തിൽ പറയുന്നു.

പ്രതികാര നടപടിക്ക് അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണ്. കുറ്റം എന്തെന്ന് കൃത്യമായി ബോധിപ്പിക്കാതെയുള്ള ചോദ്യം ചെയ്യൽ അവസാനിപ്പിക്കണം. ഔദ്യോഗിക, സ്വകാര്യ വിവരങ്ങൾ ഉള്ള മൊബൈൽ ഫോണും, ലാപ്പ് ടോപ്പും പിടിച്ചെടുക്കുന്ന നടപടി അവസാനിപ്പിക്കണം. ഇതിനായി നിയമം കൊണ്ടുവരണം. തെറ്റായ ദിശയിൽ അന്വേഷണം നടത്തി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും, അടിയന്തര ഇടപെടൽ വേണമെന്നും മാധ്യമ പ്രവർത്തകർ ചീഫ് ജസ്റ്റിന് അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ചൈനീസ് ഫണ്ട് കൈപ്പറ്റിയെന്ന യുഎപിഎ കേസിൽ, മാധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്കിലും ജീവനക്കാരുടെ വീടുകളിലും കഴിഞ്ഞ ദിവസം റെയ്ഡ് നടന്നിരുന്നു. പ്രബീർ പുർകായസ്തയ്ക്ക് പുറമെ വാർത്ത പോർട്ടലിന്റെ എച്ച്ആർ ഹെഡ് അമിത് ചക്രവർത്തിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അനധികൃത വിദേശ ഫണ്ടിങ് ഉൾപ്പെടെയുള്ള കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇവരെ 7 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.