സിക്കിമിൽ മേഘവിസ്‌ഫോടനം; മിന്നൽ പ്രളയത്തെത്തുടർന്ന് 23 സൈനികരെ കാണാതായി

ഗാങ്ടോക്: സിക്കിമിൽ മേഘവിസ്‌ഫോടനം. ലാച്ചൻ താഴ്വരയിലെ തീസ്ത നദിയിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ മിന്നൽ പ്രളയത്തെത്തുടർന്ന് 23 സൈനികരെയാണ് കാണാതായത്. വടക്കൻ സിക്കിമിലെ ലോഹ്നക് തടാകത്തിനുമുകളിൽ മേഘവിസ്ഫോടനം ഉണ്ടായതിനെത്തുടർന്നാണ് തീസ്ത നദിയിൽ പെട്ടെന്ന് ജലനിരപ്പുയർന്നത്.

ചുങ്താങ് അണക്കെട്ടിൽനിന്ന് വെള്ളം ഒഴുക്കിവിട്ടതും സ്ഥിതിഗതികൾ വഷളാക്കി. ഇതോടെ നദിയിൽ 15 മുതൽ 20 അടിവരെ ജലനിരപ്പുയർന്നു. സിങ്താമിലെ ബർദാങ്ങിൽ നിർത്തിയിട്ടിരുന്ന സൈനിക വാഹനങ്ങൾ ഒലിച്ചുപോകുകയായിരുന്നു. ഇതിലുണ്ടായിരുന്ന സൈനികരെയാണ് കാണാതായത്. കാണാതായ സൈനികർക്കായി തിരച്ചിൽ പുരോഗമിക്കുന്നുണ്ട്.

ലാച്ചൻ താഴ്വരയിലെ വിവിധ സൈനിക ക്യാമ്പുകളേയും വെള്ളപ്പൊക്കം കാര്യമായി ബാധിച്ചു. തീസ്ത നദിയിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് സിങ്താം ഫൂട്ട് ബ്രിഡ്ജ് തകർന്നു. പശ്ചിമബംഗാളിനേയും സിക്കിമിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയപാത പത്തിന്റെ പല ഭാഗങ്ങളും ഒലിച്ചുപോയി. റോഡുകളിൽ ഭൂരിഭാഗവും ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലാണ്.